youth-cong
ചികിത്സാപ്പിഴവുമൂലം രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സമരം

കളമശേരി : കൊവിഡ് ചികിത്സയ്ക്കിടയിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ജീവനക്കാരുടെ വീഴ്ച്ച മൂലമാണെന്ന് വ്യക്തമാക്കുന്ന നഴ്സിംഗ് ഓഫീസർ ജലജാദേവിയുടെ ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്കുമുന്നിൽ പ്രതിഷേധസമരം നടത്തി. സന്ദേശത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും വീഴ്ച മൂടിവെച്ച ആർ.എം.ഒയെയും നോഡൽ ഓഫീസറെയും പുറത്താക്കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് കളമശേരി നിയോജക മണ്ഡലം പ്രസിഡന്റ് അൻവർ കരീം അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ്, ജില്ലാ വൈസ് പ്രസിഡൻ്റ് അഷ്കർ പനയപ്പിള്ളി, എ .എ . അബ്ദുൾ റഷീദ്, അജ്മൽ ആലുവ, പി. എം .നജീബ്, എം. എ. വഹാബ് തുടങ്ങിയവർ പങ്കെടുത്തു.