uae-consulate

കൊച്ചി : യു.എ.ഇ കോൺസുലേറ്റ് ജനറൽ ജമാൽ അൽസാബി, അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ മുസാക്കിരി എന്നിവർ വൻതോതിൽ വിദേശ കറൻസി കടത്തിയിട്ടുണ്ടെന്നും, സുരക്ഷാ പരിശോധനകളിൽ നിന്നു രക്ഷപ്പെടാൻ ഇവരെ സഹായിച്ചത് സരിത്താണെന്നും സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസ് അധികൃതർ കോടതിയിൽ വ്യക്തമാക്കി.

യു.എ.ഇ കോൺസുലേറ്റിലെ ഫിനാൻസ് മേധാവിയും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദ് മുഹമ്മദ് അൽ ഷൗക്രി ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ വസ്തുതാ റിപ്പോർട്ടിലാണിത്. 2019 ആഗസ്റ്റ് ഏഴിന് 1,90,000 ഡോളർ (ഏകദേശം 1.30 കോടി രൂപ) ഖാലിദ് ഹാൻഡ് ബാഗിൽ ഒളിപ്പിച്ച് ഒമാനിലേക്ക് കടത്തിയെന്നും, ഈ യാത്രയിൽ തങ്ങൾ അനുഗമിച്ചിരുന്നെന്നും സ്വപ്‌നയും സരിത്തും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കേസെടുത്തത്. സരിത്തിനെ ഒന്നാം പ്രതിയും സ്വപ്നയെ രണ്ടാം പ്രതിയുമാക്കി വസ്തുതാ റിപ്പോർട്ട് എറണാകുളത്തെ അഡി. സി.ജെ.എം കോടതിയിൽ സമർപ്പിച്ചു. ഡോളർ കടത്തു കേസിൽ ഇവരുടെ അറസ്റ്റിനും റിമാൻഡിനും അനുമതി തേടിയിട്ടുണ്ട്.

 നയതന്ത്ര പ്രമുഖരും ഡോളർ കടത്തി

യു.എ.ഇ കോൺസുലേറ്റ് ജനറൽ ജമാൽ അൽസാബി, അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ മുസാക്കിരി എന്നിവർ പലപ്പോഴായാണ് വിദേശ കറൻസി കടത്തിയെന്ന് സ്വപ്ന സമ്മതിച്ചിരുന്നു. . .

ഖാലിദ് ഡോളർ ഒമാനിലേക്കാണ് കടത്തിയത്. ഹാൻഡ് ബാഗിൽ ഒളിപ്പിച്ച ഡോളർ കണ്ടെത്താനാവാത്ത വിധം മറയ്ക്കാൻ കോൺസുലേറ്റിലെ എക്സ് റേ മെഷീനിലൂടെ ബാഗ് കടത്തി വിട്ട് പല തവണ ഖാലിദ് പരിശോധിക്കുന്നത് കണ്ടതായി സ്വപ്ന മൊഴി നൽകിയിരുന്നു. എയർപോർട്ടിൽ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിക്കാനാണ് ഇങ്ങനെ പരിശോധിച്ചത്. സരിത്താണ് ഇതിനു സഹായിച്ചിരുന്നത്. 2019 ആഗസ്റ്റ് ഏഴിന് ഖാലിദിനൊപ്പം സ്വപ്നയും സരിത്തും ഒമാനിലേക്കും അവിടെ നിന്ന് ദുബായിലേക്കും പോയതായും കസ്റ്റംസ് പറയുന്നു.