morathodu-
നിർമ്മാണം പൂർത്തിയാകാത്ത മോറത്തോട്

പറവൂർ: ജലസേചനത്തിനായി രണ്ട് പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്ത മോറത്തോട് ഇന്നും പൂർത്തിയാകെ തന്നെ നിലനിൽക്കുന്നു. തോടിന്റെ അരിക് ഇടിയുന്നതു പരിസരവാസികൾക്ക് ഭീഷണിയാകുന്നുണ്ട്. മോറത്തോടിന് സമീപത്തുള്ള മോറത്തോട് കോളനിയിലെ 18 കുടുംബങ്ങളിലായി ഒട്ടേറെ കൊച്ചുകുട്ടികളുണ്ട്. വീട്ടുകാരുടെ കണ്ണുതെറ്റി തോട്ടിൽ വീഴുമെന്ന് ഭയത്തിലാണ് കോളനി നിവാസികൾ. കുഴൂർ പഞ്ചായത്തിലെ ആലമറ്റം തിരുത്തേ തോട്ടിൽ നിന്നു പുത്തൻവേലിക്കര പഞ്ചായത്തിലെ തുരുത്തിപ്പുറം അഗത്തുചാൽ വരെയാണ് മോറത്തോട് വിഭാവനം ചെയ്തത്. നിർമ്മാണം ഇതിനിടെ പാതിവഴിയിൽ നിലച്ചു. കോടികൾ ചെലവാക്കിയിട്ടും ലക്ഷ്യം കൈവരിക്കാനായില്ല. പ്രളയത്തിൽ ഭിത്തിയുടെ ചിലഭാഗങ്ങൾ നശിച്ചിരുന്നു. വൃക്ഷങ്ങളുടെ ചില്ലകൾ തോട്ടിലേക്ക് ചാഞ്ഞുകിടക്കുകയാണ്. മോറത്തോടിന്റെ അരികുകെട്ടി സംരക്ഷിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഇനിയും പതിനഞ്ച് അടിയോളം ഉയരത്താനുണ്ട്

ഇളന്തിക്കര ആറാം വാർഡിലെ മോറത്തോട് കോളനിയിൽ ഉള്ളവരാണ് തോടിനോടു വളരെ ചേർന്ന് താമസിക്കുന്നത്. ഈ ഭാഗത്ത് തോടിന് ഇരുപത്തിയഞ്ച് അടിയോളം താഴ്ചയുണ്ട്. ഭൂവികസന കോർപറേഷന്റെ പദ്ധതി പ്രകാരം മോറത്തോടിന്റെ ഇരുവശങ്ങളിലും കരിങ്കല്ല് ഉപയോഗിച്ച് താഴെ നിന്നും പതിനഞ്ച് അടിയോളം ഉയരത്തിൽ കെട്ടിയിട്ടുണ്ട്. ഇനിയും പതിനഞ്ച് അടിയോളം ഉയരത്തിൽ കെട്ടിയാലേ പ്രദേശവും ജനങ്ങൾക്കും സുരക്ഷിതത്വം ലഭിക്കൂ. കല്ലു കെട്ടാത്ത സ്ഥലങ്ങളിലാണ് മണ്ണിടിയുന്നത്. കെട്ടിയ ഭാഗത്തുതന്നെ കല്ലുകൾ ഇളകിപ്പോയിട്ടുണ്ട്.