migrants
അന്യസംസ്ഥാന തൊഴിലാളികൾ പെരുമ്പാവൂർ നഗ്‌രത്തിൽ കൂട്ടം കൂടി നിൽക്കുന്നു

പെരുമ്പാവൂർ: പെരുമ്പാവൂർ മേഖലയിൽ കൊവിഡ് മരണങ്ങളും രോഗബാധിതരും വർദ്ധിക്കുമ്പോൾ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും പാലിക്കാതെ അന്യസംസ്ഥാന തൊഴിലാളികൾ പൊതുയിടങ്ങളിൽ സജീവം. മാനദണ്ഡങ്ങളും സർക്കാർ നിർദ്ദേശങ്ങളും കാറ്റിൽ പറത്തി കൂട്ടാമായി നഗരമധ്യത്തിൽ വിലസുന്നത് കൊവിഡ് വ്യാപന സാധ്യതയും കൂട്ടുകയാണ്.

പെരുമ്പാവൂരിലെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്ന ഇവർ ഞായറാഴ്ച്ചകളിലും വൈകുന്നേരങ്ങളിലും ഒരുമിച്ച് കൂടുന്നതാണ് രോഗവ്യാപന ഭീഷണി ഉയർത്തുന്നു. ഞായറാഴ്ച്ചകളിൽ പെരുമ്പാവൂരിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇക്കൂട്ടത്തിൽ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരോ ക്വാറന്റൈയിനിൽ കഴിയാൻ നിർദ്ദേശിക്കപ്പെട്ടവരോ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വ്യാപാരികളടക്കം പറയുന്നത്.

കൊവിഡിന്റെ ആദ്യഘട്ടങ്ങളിൽ ലോക്ഡൗൺ സമയങ്ങളിൽ ഇത്തരക്കാരെ നിയമപാലകർക്കും ഭരണകൂടങ്ങൾക്കും കൃത്യമായി നിയന്ത്രിക്കാനും മറ്റും കഴിഞ്ഞിരുന്നു. തുടർന്ന് ഇവരിൽ പലരും ലോക്ഡൗൺ ഇളവിൽ നാട്ടിലേക്ക് തിരികെ മടങ്ങിയെങ്കിലും പട്ടിണിയിലായതോടെ തിരിച്ചെത്തുകയാണ്. ഇതിനും പ്രത്യേകിച്ച് നിയന്ത്രണങ്ങളോ നിർദ്ദേശങ്ങളോ ഇല്ലാത്തതും ഇവർക്ക് കൂട്ടം കൂടി നിൽക്കാൻ വഴി ഒരുക്കുകയാണ്.

നഗരത്തിലെത്തുന്നത് ജോലിക്ക് വേണ്ടി

ദിവസക്കൂലിക്ക് പലയിടങ്ങളിലായി പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ഇത്തരത്തിൽ നഗരത്തിലേക്ക് കൂട്ടം കൂടാൻ എത്തുന്നത്. പ്ലൈവുഡ് കമ്പനികളിലടക്കം സ്ഥിരമായി ജോലിയെടുക്കുന്ന ഇത്തരം തൊഴിലാളികൾക്ക് അതാത് കമ്പനികളിൽ നിന്നും വ്യക്തമായ നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഇവരെ നിയന്ത്രിക്കാനും കമ്പനി ഉടമകൾക്ക് കഴിയുന്നുണ്ട്. എന്നാൽ സ്ഥിരമായി തൊഴിലുടമകൾ ഇല്ലാത്തവർക്ക് വേണ്ടത്ര ബോധവത്കരണമോ നിർദ്ദേശങ്ങളോ സർക്കാരിന്റെ തീരുമാനങ്ങളോ അറിയാൻ കഴിയാത്തതാണ് ഇവരെ കൂട്ടം കൂടുന്നതിന് പ്രേരിപ്പിക്കുന്നത്.

സർക്കാർ നിർദേശങ്ങൾ അറിയില്ല

നിലയിൽ അന്യസംസ്ഥാനതൊഴിലാളികളും രോഗം മൂലം ചികിത്സയിൽ കഴിയുന്നുണ്ട്. എന്നാൽ നിയന്ത്രണങ്ങളില്ലാത്ത ഇവർ കൊവിഡ് ലക്ഷണങ്ങളുണ്ടായാൽ കൃത്യസമയത്ത് അധികൃതരെ അറിയിക്കാനോ ചികിത്സ തേടാനോ ശ്രമിക്കാറില്ല. പൊതുവെ പ്രതിരോധശേഷിയുളളവരായതിനാൽ ലക്ഷണങ്ങളില്ലാത്ത കൊവിഡാണ് പലർക്കും. അത്തരക്കാർ നഗരത്തിലേക്ക് ദിവസക്കൂലി ജോലി തേടിയും കടകമ്പോളങ്ങളിൽ സാധനങ്ങൾ വാങ്ങാനായും എത്തുകയാണ്. സർക്കാർ പറയുന്ന നിയമങ്ങൾ തങ്ങൾക്കറിയില്ലെന്നാണ് അതിഥിതൊഴിലാളികളുടെ ഭാഷ്യം.