medical-college

കൊച്ചി: കൊവിഡ് ചികിത്സയിൽ വിദേശികളുടെ പോലും പ്രശംസ ഏറ്റുവാങ്ങിയ എറണാകുളം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ വീഴ്ച മൂലം രോഗികൾ മരിച്ചെന്ന വെളിപ്പെടുത്തൽ സൃഷ്ടിച്ച വിവാദവും ആശങ്കയും മുറുകി. മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന ഷംനയുടെ മരണം സൃഷ്‌ടിച്ച ആഘാതം നീങ്ങും മുമ്പാണ് പുതിയ വെളിപ്പെടുത്തൽ. പ്രതിഷേധവുമായി ജനപ്രതിനിധികളും പാർട്ടികളും ഉൾപ്പടെ രംഗത്തിറങ്ങി.

മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് ഓഫീസർ ജലജാദേവിയുടെ വാട്ട്സാപ്പ് സന്ദേശത്തിലാണ് ജീവനക്കാരുടെ വീഴ്ച മൂലം കൊവിഡ് രോഗികൾ മരിച്ചെന്ന വെളിപ്പെടുത്തൽ. സംഭവത്തെക്കുറിച്ച് മെഡിക്കൽ കോളേജ് ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. കേന്ദ്രസംഘത്തിന്റെ സന്ദർശനത്തിന് മുന്നോടിയായി നഴ്സുമാരെ ജാഗ്രതയിലാക്കാൻ പറഞ്ഞതാണെന്നാണ് അധികൃതർ ആദ്യം വിശദീകരിച്ചത്. ജനപ്രതിനിധികൾ ഉൾപ്പെടെ പ്രതിഷേധിച്ചതോടെ ജലജാദേവിയെ സസ്പെന്റ് ചെയ്ത് അന്വേഷണവും ആരംഭിച്ചു.

ഫോർട്ടുകാെച്ചി തുരുത്തി സ്വദേശിയായ ഹാരിസാ(54)ണ് ജൂൺ 21 ന് മരിച്ചത്. ഗൾഫിൽ നിന്നെത്തിയ ഹാരിസിനെ കൊവിഡ് ബാധിച്ചാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മരണത്തിന് മണിക്കൂറുകൾ മുമ്പും ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. വെന്റിലേറ്ററിന്റെ ട്യൂബ് മൂക്കിൽ നിന്ന് മാറിക്കിടന്നതാണ് മരണത്തിന് കാരണമെന്നാണ് വെളിപ്പെടുത്തൽ.

ഇതെത്തുടർന്ന് നിയമനടപടി കുടുംബം ആലോചിക്കുന്നുണ്ട്. ഹാരിസിന്റെ ഭാര്യ സുഖമില്ലാതെ കിടപ്പിലാണ്. രണ്ട് ആൺമക്കൾ ഗൾഫിലാണ്. സഹോദരിമാരാണ് തറവാട്ടുവീട്ടിലുള്ളത്. മക്കളുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കാനാണ് ആലോചിക്കുന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

കൊലക്കുറ്റം ചുമത്തണം

കുറ്റക്കാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. ശബ്ദ സന്ദേശം നാമോരുരുത്തരെയും ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. ഒറ്റപ്പെട്ട സംഭവമല്ല ഹാരിസിന്റെ മരണമെന്ന് വ്യക്തമാണ്. പ്രിൻസിപ്പൽ, സൂപ്രണ്ട്, ആർ.എം.ഒ എന്നിവരെ സ്ഥലം മാറ്റി അന്വേഷണംനടത്തണമെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആരോഗ്യ വകുപ്പ് മന്ത്രി, എറണാകുളം ജില്ലയുടെ ചാർജുള്ള മന്ത്രി എന്നിവരോട് ആവശ്യപ്പെട്ടു.

ഹാരിസിന്റെ വീട് സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങൾ ഹാരിസിന്റെ വിയോഗത്തിന്റെ വേദനയിൽ നിന്നും മുക്തമായിട്ടില്ല. ജനപ്രതിനിധി എന്ന നിലയിൽ കുടുംബത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രക്ഷോഭം സംഘടിപ്പിക്കും

ശബ്ദസന്ദേശം ഗൗരവമേറിയതാണെന്ന് ഡി.സി.സി പ്രസിഡന്റ ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അല്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിനോദ് പറഞ്ഞു.

സമഗ്രമായി അന്വേഷിക്കണം

ചികിത്സാവീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഉത്തരവാദികൾക്കെതരെ കർശനനടപടി സ്വീകരിക്കണം. കൊവിഡ് ചികിത്സക്ക് മിടുക്കനായ നോഡൽ ഓഫീസറെ നിയമിക്കണം. രോഗി മരിച്ചത് വേദനാജനകമാണെന്ന് ഡോ.കെ.എൻ. സനിൽകുമാർ കത്തിൽ പറഞ്ഞു.

മനുഷ്യത്വരഹിതം

മനുഷ്യത്വരഹിതമായ പരിഗണനയാണ് മെഡിക്കൽ കോളേജിൽ രോഗികൾക്ക് ലഭിക്കുന്നതെന്ന് സംസ്ഥാന സാമൂഹികക്ഷേമ ബോർഡ് അംഗവും മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പത്മജ എസ്. മേനോൻ പറഞ്ഞു. രോഗികളെയും വീട്ടുകാരെയും ജനങ്ങളെയും പരിഭ്രാന്തരാക്കുന്നതാണ് സംഭവം. അനാസ്ഥ കൊണ്ടാണ് ഹാരിസ് രോഗി മരിച്ചതെന്ന് അവർ തുറന്നു സമ്മതിക്കുകയാണ്. ശക്തമായ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.