
കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എറണാകുളം എൻ.ഐ.എ കോടതിയിൽ ഹർജി നൽകി. ഹർജി ഒക്ടോബർ 22 ന് കോടതി പരിഗണിക്കും. വിവിധ അന്വേഷണ ഏജൻസികൾ ഇതിനകം തന്നെ 100 മണിക്കൂറിലേറെ ചോദ്യം ചെയ്തെന്നും തന്നെ പ്രതി ചേർക്കാൻ ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ശിവശങ്കറിന്റെ ഹർജിയിൽ പറയുന്നു. എന്നാൽ കസ്റ്റംസ് കേസിലും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലുമെന്നപോലെ എൻ.ഐ.എയും തനിക്കെതിരെ നീങ്ങാൻ സാദ്ധ്യതയുണ്ടെന്നും അറസ്റ്റു ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ശിവശങ്കറിന്റെ ഹർജിയിൽ പറയുന്നു.