cycle

കോലഞ്ചേരി:സൈക്കിളിനെ കൊവിഡെടുത്ത് വീണ്ടും പ്രതാപിയാക്കി. ഒരു കാലത്ത് വീടുകളിലെ ആഡംബരമായിരുന്ന സൈക്കിൾ. മോട്ടോർ ബൈക്കുകളുടെ കുത്തൊഴുക്കിൽ കാല യവനികക്കുള്ളിൽ മറഞ്ഞെങ്കിലും കൊവിഡിൽ പ്രതാപം തിരിച്ചു പിടിച്ചിരിക്കുകയാണ് സൈക്കിൾ. ഫിറ്റനെസ്സ് സെന്ററുകൾ തുറന്നെങ്കിലും പടരുന്ന മഹാമാരിയുടെ ഭീതിയിൽ വ്യായാമം വീട്ടിലൊതുക്കിയവർ സൈക്ളിംഗാണ് തിരഞ്ഞെടുക്കുന്നത്. ചെന്നൈ അമ്പത്തൂരിൽനിന്നാണ് പ്രധാനമായും സൈക്കിൾ എത്തുന്നത്. ചില ഫാക്ടറികൾ കൊവിഡ് മൂലം അടച്ചിട്ടതോടെ ഉൽപാദനം കുറഞ്ഞെങ്കിലും ഇപ്പോഴുമെത്തുന്നുണ്ട്. മാർച്ചിനുശേഷം സൈക്കിൾ വില കൂടിയിട്ടില്ല. സൈക്കിൾ റൈഡേഴ്‌സ് ക്ളബ്ബുകളുടെ കടന്നു വരവും യുവ തലമുറയെ സൈക്കിളിലേറ്റി.

വില്പനയിൽ വർദ്ധനവ്

എല്ലാതരം സൈക്കിളുകളുടെയും വില്പനയിൽ വർദ്ധനയുണ്ട്. കുട്ടികൾക്കായി ഏപ്രിൽ, മെയ് മാസങ്ങളിലാണ് സൈക്കിളിന്റെ വില്പന സീസൺ. എന്നാൽ, അതിനേക്കാൾ വില്പന ഇപ്പോഴുണ്ട്. കൊവിഡ് കാലത്ത് ചെറുയാത്രകൾക്കും ആരോഗ്യസംരക്ഷണത്തിനും സൈക്കിൾ നല്ലതാണെന്ന് പലരും കരുതുന്നതാണ് പുതിയ 'ട്രെൻഡി'ന് കാരണം.

പ്രധാനമായും വ്യായാമത്തിന് വേണ്ടി

പഠനം ഓൺലൈൻ മാത്രമാകുകയും വീടുകളിൽ തന്നെയിരിക്കാൻ നിർബന്ധിതരാകുകയും ചെയ്ത കുട്ടികളുടെ വ്യായാമത്തിനും വിനോദത്തിനും സൈക്കിൾ സമ്മാനിക്കുന്നുണ്ട് രക്ഷിതാക്കൾ. ജോലിക്കുപോകാനും സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. ജിംനേഷ്യങ്ങളും ഹെൽത്ത് ക്ലബ്ബുകളും ഫി​റ്റ്‌നെസ് സെന്ററുകളും അടച്ചിട്ടപ്പോഴും വ്യായാമത്തിന് പലരും സൈക്കിളുപയോഗിച്ചു തുടങ്ങിയിരുന്നു. പൊതുവാഹനങ്ങളിൽ യാത്ര സുരക്ഷിതമല്ലെന്ന് കുറെപ്പേരെങ്കിലും കരുതുന്നതും പെട്രോൾ വില കൂടിയതും സൈക്കിളിന് ഗുണമായി.

മാർച്ചിനുശേഷം വില കൂടിയിട്ടില്ല

വില കുട്ടികളുടേതിന് ഹീറോ 4300, ഹെർക്കുലീസ് 4200, ഡിസ്‌ക്ക് ബ്റേക്ക് ഉള്ളത് 5200, സ്‌പോർട്‌സ് സൈക്കിൾ 5300,

വലിയവരുടേത് സാധാരണ 5400, സ്‌പോർട്ടി 6900, അലോയ് വീൽ, വെ്യ്റ്റ് ലെസ്, സ്പീഡ് 21 ടൈപ്പ് 6000 മുതൽ 21,000 വരെ. വ്യായാമത്തിനു മാത്രമുള്ള മാക്‌സി​റ്റി, ഐ ബൈക്ക് മോഡലുകൾ 6900 മുതൽ, ഗിയർ ഉള്ളത് 8600 മുതൽ 23,000.

ആഡംബര സൈക്കിളിനും പ്രിയം

പുതുതലമുറക്കാർ ഇഷ്ടപ്പെടുന്ന മോൺട്ര സൈക്കിളുണ്ട്. വില 23,000മുതൽ 25,000 വരെ. ആഡംബര സൈക്കിളിനും ആവശ്യക്കാരുണ്ട്. വില ലക്ഷങ്ങളാവും. മടക്കിക്കൊണ്ടു നടക്കാവുന്ന സൈക്കിൾ വാഹനങ്ങളുടെ പിന്നിൽ തൂക്കിയിടുന്നതും പുതിയ ഫാഷനാണ്. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് പ​റ്റിയ മോഡലുകളുമുണ്ട്. ഇറക്കുമതി ചെയ്ത മോഡലിനും താത്പര്യക്കാരുണ്ട്. പ്രൊഫഷണൽ സൈക്ളിസ്റ്റുകൾ ഉപയോഗിക്കുന്നത് അമേരിക്കൻ നിർമ്മിത മോഡലുകളാണ്. വില രണ്ടു ലക്ഷം മുതൽ മുകളിലോട്ടാണെന്നു മാത്രം.

ഗുണങ്ങൾ