volunteer

കോലഞ്ചേരി: ആയുധങ്ങളൊന്നുമില്ല,​ ഈ സേനയ്ക്ക് ആകെയുള്ളത് ആത്മബലം മാത്രം. ധൈര്യവും സ്‌നേഹവും സഹജീവികളോടുള്ള കരുതലും കൊണ്ടാണ് ഇവർ മുന്നേറുന്നത്. ആദ്യഘട്ട പരിശീലനം പോലും തീരും മുമ്പ് കൊവിഡിനെ തോൽപ്പിക്കാനിറങ്ങിയ ഇവരിപ്പോൾ അടുത്ത ദൗത്യത്തിന്റെ അണിയറയിലാണ്. പ്രളയമുണ്ടായാൽ അതിനെ നേരിടാനാണ് ഈ സേന ഒരുങ്ങുന്നത്. ജനകീയ ദുരന്ത പ്രതിരോധ സേനയെന്ന സിവിൽ ഡിഫൻസ് രണ്ടാമൂഴത്തിലേക്കു കടക്കുമ്പോൾ ഒരു രൂപ പോലും പ്രതിഫലം പ​റ്റാതെ സേവനം നടത്തുന്ന ഈ സംഘത്തിൽ ജില്ലയിലാകെയുള്ളത് 3044 പേരാണ്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ മരുന്ന് വീടുകളിൽ എത്തിക്കലും കൊവിഡ് കോൾ സെന്ററിലെ പ്രവർത്തനവും ജില്ലാ മെഡിക്കൽ ഓഫിസിനെ സഹായിക്കലുമായിരുന്നു ഇവരുടെ പ്രവർത്തന മേഖലകളിൽ മുഖ്യം. ലോക്ക് ഡൗണിന് ഇളവ് വന്ന സാഹചര്യത്തിൽ അഗ്‌നി രഷാ സേനയ്‌ക്കൊപ്പം അണിചേർന്നു. സ്ഥാപനങ്ങളും പ്രദേശങ്ങളും അണു വിമുക്തമാക്കുന്നതിൽ ഫയർ ഫോഴ്‌സിനോടു തോളോടു തോൾ ചേർന്നു പ്രവർത്തിച്ചു. അടുത്ത മഴക്കാലം പ്രളയം സൃഷ്ടിക്കുമോയെന്ന പേടിയിൽ അതിനെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് ഇവരിപ്പോൾ.

സേവനം ജീവിതം

പ്രകൃതി ദുരന്തങ്ങളെ നേരിടാനാണ് ഫയർഫോഴ്സിന്റെ കീഴിൽ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി സിവിൽ ഡിഫൻസ് എന്ന സംരംഭത്തിനു സംസ്ഥാനത്താകമാനം സർക്കാർ തുടക്കമിട്ടത്. ജില്ലയിലെ ഓരോ ഫയർസ്​റ്റേഷനു കീഴിലും ശരാശരി 120 പേരാണ് ജിസ്​റ്റർ ചെയ്തത്. രണ്ടാംഘട്ട പരിശീലനത്തിനു മുമ്പെ കൊവിഡെത്തി. അതോടെ ഇവരെല്ലാം രോഗ പ്രതിരോധത്തിനിറങ്ങി. ആംബുലൻസ് ഡ്രൈവർമാരും വിമുക്തഭടന്മാരും സോഫ്റ്റ് വെയർ എൻജിനീയർമാരടക്കം സ്ത്രീകളും പുരുഷന്മാരുമെല്ലാം സേനയുടെ ഭാഗമാണ്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ മരുന്നും മ​റ്റു സഹായങ്ങളും ഇവർ എത്തിച്ചിരുന്നത് സ്വന്തം വാഹനങ്ങളിലാണ്. വെള്ളപ്പൊക്കമുണ്ടായാൽ അത് മ​റ്റൊരു ദുരന്തമാകുമെന്ന തിരിച്ചറിവിലാണ് മഴക്കാലത്തിനു മുന്നോടിയായുള്ള പ്രവർത്തനങ്ങളിൽ സേനാംഗങ്ങൾ ഇപ്പോൾ സജീവമായിരിക്കുന്നത്. കഴിഞ്ഞ മഴകളിൽ പ്രളയമുണ്ടായ സ്ഥലങ്ങളുടെ നിലവിലുള്ള അവസ്ഥയും മ​റ്റും ഇവർ വിശദമായി പരിശോധിക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ.