
• ലോക്ക് ഡൗൺ കാലത്ത് വാഹനങ്ങളിൽ കറങ്ങി പൊലീസ് പിടിയിലായവർക്ക് കനത്ത പിഴ ഉറപ്പ്
കോലഞ്ചേരി: ലോക്ക്ഡൗണിൽ വീട്ടിലിരിക്കാതെ കാഴ്ചകൾ കാണാനിറങ്ങി പൊലീസ് പിടിയിലായവർക്ക് കോടതി വക പണി വരുന്നു. അന്ന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്ക് കൊവിഡ് പ്രതിരോധ നിയന്ത്രണ നിയമനുസരിച്ച് കോടതികളാണ് പതിനായിരം രൂപ പിഴ ഈടാക്കുന്നത്.
ആഴ്ചകളും, മാസങ്ങളും പൊലീസ് കസ്റ്റഡിയിലിരുന്ന കാറിന് 2000 രൂപയും, മോട്ടോർ സൈക്കിളുകൾക്ക് 1000 രൂപയും കെട്ടി വയ്പിച്ചാണ് അന്ന് വിട്ടു നല്കിയത്. മിക്കവരും ഇതോടെ കേസ് തീർന്നുവെന്ന് കരുതി. കഴിഞ്ഞ ദിവസം മുതൽ കോടതികളിൽ നിന്ന് ഇത്തരം കേസുകൾക്ക് സമൻസ് അയച്ചു തുടങ്ങി.
ചില കോടതികൾ പിഴ 4100 രൂപയാണ് പിഴ വിധിക്കുന്നത്. വാഹനം വിട്ടുകിട്ടാൻ കെട്ടി വച്ച തുക സംബന്ധിച്ച് നിരവധി പേർ തർക്കവാദവുമായി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നുമുണ്ട്. കോടതിയിൽ ബന്ധപ്പെടാനാണ് പൊലീസ് നല്കുന്ന മറുപടി.
സമൻസ് കിട്ടിയവർ കോടതിയിൽ അടയ്ക്കാൻ പണത്തിനായുള്ള നെട്ടോട്ടത്തിലാണ്. പലരും കൂലിവേലക്കാരും, വിദ്യാർത്ഥികളുമാണ്. വീട്ടുചിലവുകൾക്ക് പോലുമുള്ള പണം കൈയ്യിലില്ലാത്തപ്പോഴാണ് ഇടിത്തീ പോലെ കോടതി നോട്ടീസെത്തിയത്.
കഴിഞ്ഞ മാർച്ച് 26 നാണ് കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പുറത്തിറക്കിയത്. 1897 ലെ എപ്പിഡെമിക് ആക്ടിനു പകരമാണ് ഓർഡിനൻസ്. ഇതനുസരിച്ച് സർക്കാരിന് ഏതു രോഗത്തേയും സാംക്രമിക രോഗ പട്ടികയിൽ പെടുത്താം. രോഗ ബാധ തടയുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഓർഡിനൻസ് വഴി കഴിയും. പ്രതിരോധ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കോ, വ്യക്തികൾക്കോ രണ്ടു വർഷം തടവോ, പതിനായിരം രൂപ പിഴയോ, രണ്ടും ചേർന്നോ നല്കാം, നിയമലംഘകരെ വാറന്റില്ലാതെ അറസ്റ്റു ചെയ്യാനും വ്യവസ്ഥയുണ്ട്.