
കൊച്ചി: എറണാകുളം മെഡിക്കൽ കോളേജാശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെ, ഫോർട്ടു കൊച്ചി സ്വദേശി ഹാരിസ് ഉൾപ്പെടെ മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലമാണെന്ന് ഡോക്ടറും വെളിപ്പെടുത്തിയതോടെ, ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഹൃദയാഘാതമാണ് ഹാരിസിന്റെ മരണകാരണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഐ.സി.യുവിൽ വെന്റിലേറ്റർ നിലയ്ക്കുകയോ ട്യൂബ് മാറിപ്പോവുകയോ ചെയ്തിട്ടില്ല. ആശുപത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായും സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ, കൊവിഡ് നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ എന്നിവർ പറഞ്ഞു.
മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർ നജ്മയാണ് ജീവനക്കാരുടെ വീഴ്ചകൾ ഇന്നലെ വെളിപ്പെടുത്തിയത്. നഴ്സിംഗ് ഓഫീസർ ജലജാദേവിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണിത്.ഹാരിസിനെ മരിച്ച നിലയിൽ കണ്ടപ്പോൾ മുഖത്ത് മാസ്ക് ധരിച്ചിരുന്നതായി, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തന്നോട് പറഞ്ഞിരുന്നതായി ഡോ. നജ്മ പറഞ്ഞു. മാസ്കിൽ നിന്നുള്ള ട്യൂബ് വെന്റിലേറ്ററിൽ ഘടിപ്പിച്ചിരുന്നില്ല. ജമീലയെന്ന രോഗിയെ മാസ്ക് ധരിപ്പിച്ചെങ്കിലും വെന്റിലേറ്റർ ഓണാക്കിയിരുന്നില്ല.ബൈസക്കി എന്ന രോഗിയെ വെന്റിലേറ്ററിലേയ്ക്ക് മാറ്റാൻ നഴ്സുമാർക്ക് നിർദ്ദേശം നൽകിയെങ്കിലും കാലതാമസം വന്നു. ഇരുവരും മരിച്ചു.അതേ സമയം, ആശുപത്രിയിൽ മികച്ച ചികിത്സയാണ് കൊവിഡ് രോഗികൾക്ക് നൽകുന്നതെന്നും ഐ.സി.യുവിൽ ജോലി ചെയ്യുന്ന നജ്മ പറഞ്ഞു.
ഹാരിസിന്റെ മരണത്തിന് ഉത്തരവാദികളായവർക്കും പുറത്തറിയാതെ ഒളിപ്പിച്ചവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സഹോദരിമാരായ ഐശാബി, സൈനബ, സീനത്ത്, ജാസ്‌മിൻ, ആരിഫ എന്നിവരാണ് മുഖ്യമന്ത്രിക്കും മറ്റും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്. മരണത്തിൽ തങ്ങൾ അന്നേ സംശയമുന്നയിച്ചിരുന്നു. സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും അന്വേഷിക്കാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. ഹാരിസിന്റെ ഭാര്യ റുക്സാനയുടെ സഹോദരൻ അൻവർ നൽകിയ പരാതിയിൽ കളമശേരി പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.