ആലുവ: ആലുവ മാർക്കറ്റിൽ വീണ്ടും കൊവിഡ് ഏറിയതോടെ രണ്ടാമതും അടച്ചുപൂട്ടിയ മാർക്കറ്റ് ഇന്ന് മുതൽ ഉപാധികളോടെ തുറക്കും. ഇന്ന് മുതൽ പച്ചക്കറി മാർക്കറ്റും 26 മുതൽ മത്സ്യ മാർക്കറ്റുമാണ് തുറക്കുന്നത്.
അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ആലുവ പാലസിൽ നടന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ പത്തിന് ഉച്ചയ്ക്ക് മൂന്ന് മുതൽ 13ന് ഉച്ചവരെ മാർക്കറ്റ് അടയ്ക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും തുറക്കുന്നതിന് ജില്ലാ ഭരണകൂടം അനുമതി നൽകാതിരുന്നതിനാലാണ് നീണ്ടത്.നേരത്തെ 42 ദിവസം മാർക്കറ്റ് പൂട്ടിയിട്ടിട്ടുണ്ട്.
നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, ഡിവൈ.എസ്.പി ജി. വേണു, സി.ഐ പി.എസ്. രാജേഷ്, നഗരസഭ എച്ച്.ഐ മധുസദനൻ, മർച്ചന്റ്സ് അസോസിയേഷൻ നേതാക്കളായ നസീർബാബു, സെക്രട്ടറി എ.ജെ. റിയാസ്, യൂണിയൻ നേതാക്കളായ എം.ടി. ജേക്കബ്, പി.എം. സഗീർ എന്നിവർ പങ്കെടുത്തു.
മത്സ്യ മാർക്കറ്റ് 26 മുതൽ
കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തത് മത്സ്യ മാർക്കറ്റിലായതാണ് ഇത് തുറക്കുന്നത് 26ലേക്ക് മാറ്റിയത്. മത്സ്യം ലേലം വിളിക്കുന്നിടത്ത് കൂടുതൽ ആൾക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കും.
ആദ്യം എടുത്ത തീരുമാനങ്ങൾ കർശനമാക്കും
മാർക്കറ്റിലെ ഏതെങ്കിലും ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ അയ്യാളുമായി ബന്ധപ്പെടുന്ന സ്ഥാപനം മാത്രമായിരിക്കും അടക്കുക. കൂടെ ജോലി ചെയ്യുന്നവർ ക്വാറന്റൈനിൽ കഴിയുകയും നെഗറ്റീവ് റിസൾട്ട് ലഭ്യമാക്കിയ ശേഷവുമായിരിക്കും സ്ഥാപനം തുറക്കുക.
നേരത്തെ കൊവിഡ് വ്യാപിച്ചപ്പോൾ രൂപീകരിച്ച 13 പേരടങ്ങുന്ന ജാഗ്രത സമിതി എല്ലാ വ്യാഴാഴ്ച്ചകളിലും യോഗം ചേരണം. നേരത്തെ എടുത്ത തീരുമാനങ്ങൾ കർശനമാക്കും. വീഴ്ച്ച വരുത്തുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കും.
കാൽനടക്കാർക്ക് ഇന്ന് നടപ്പാത തിരിച്ചു കിട്ടും
കൊവിഡ് വ്യാപനത്തെ തുടർന്ന് മാർക്കറ്റ് അടച്ചതോടെ മെട്രോ സൗന്ദര്യവത്കരണ പ്രദേശത്തെ നടപ്പാത കച്ചവടക്കാർ കൈയ്യടക്കിയിരുന്നു. കാൽനടയാത്ര തടസപ്പെടുത്തിയിട്ടും കച്ചവടക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഒരു വിഭാഗം കൗൺസിലർമാർ തന്നെ രംഗത്ത് വന്നിരുന്നു. എന്തായാലും മാർക്കറ്റ് തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിലെങ്കിലും കാൽനടപ്പാതതിരിച്ചുകിട്ടുമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.കൊവിഡ് മാനദണ്ഡവും പാലിക്കാതെ ഫ്‌ലൈ ഓവറിന്റെ അടിയിലും നടപ്പാതയിലും കച്ചവടം നടക്കുന്നതിനാൽ ചരക്ക് ഇറക്കാനും കയറ്റാനും വരുന്ന വാഹനങ്ങൾ മൂലം രൂക്ഷമായ ഗതാഗത കുരുക്കും അനുഭവപ്പെട്ടിരുന്നു.