
കോലഞ്ചേരി: നെൽകൃഷിയ്ക്കും റോയൽറ്റി. നെൽ കൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകൾക്ക് ഓരോ വർഷവും ഹെക്ടറിന് 2000 രൂപ നിരക്കിലാണ് സർക്കാർ റോയൽറ്റി നൽകുന്നത്.
നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂ ഉടമകൾ റോയൽറ്റിക്ക് അർഹരാണ്. നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താതെ പയർ വർഗങ്ങൾ,പച്ചക്കറികൾ ,എള്ള് ,നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹതയുണ്ട്. ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ടാകും തുക എത്തുക.
നെൽ വയലുകൾ തരിശിടുന്നവർ സ്വന്തമായോ, മറ്റു കർഷകർ, ഏജൻസികൾ മുഖേനയോ നെൽകൃഷിക്കായി ഭൂമി ഉപയോഗപ്പെടുത്തുന്നതിയാലും റോയൽറ്റിക്ക് അർഹരാകും. തുടർച്ചയായി മൂന്നുവർഷം തരിശുകിടന്നാൽ അനർഹരുമാകും. വീണ്ടും കൃഷി ആരംഭിച്ചാൽ റോയൽറ്റി ലഭിക്കുകയും ചെയ്യും. ഭൂവിസ്തൃതി, കൃഷിസ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.
സംസ്ഥാനത്ത് 2.05 ലക്ഷം ഹെക്ടറിലാണു നിലവിൽ നെൽക്കൃഷി. 2020 - 21 ബഡ്ജറ്റിൽ നെൽക്കൃഷി വികസനത്തിനു 118.24 കോടി രൂപ വകയിരുത്തിയ പ്രകാരമാണു പദ്ധതി.
അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി
പോർട്ടലിലൂടെ സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം. കരമടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസോ പാൻ കാർഡോ പോലെ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ, ബാങ്ക് ശാഖയുടെ പേരും അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും ഉൾപ്പെടുന്ന ബാങ്ക് പാസ്ബുക്കിന്റെ പേജ്, കാൻസൽ ചെയ്ത ചെക്ക് ലീഫ് എന്നിവയും അപ്‌ലോഡ് ചെയ്യണം.