iuml

കൊച്ചി: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങളുടെ മുന്നോടിയായി, സംഘടനയിൽ വെടി നിറുത്തൽ പാക്കേജുമായി മുസ്ലിംലീഗ്‌. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി തിരഞ്ഞെടുപ്പുകളുടെ ചുമതല ഏറ്റെടുത്തതോടെയാണ് സമവായ ഫോർമുലയ്ക്ക് രൂപംനൽകിയത്.

പാണക്കാട് കുടുംബത്തിനും സുന്നി സംഘടനകൾക്കും പ്രിയങ്കരനായ അബ്ദുൽ വഹാബ് എം.പിയെയും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളും സജീവമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ വഹാബിന് പകരം രാജ്യസഭയിലേക്കയയ്ക്കും. ജനറൽ സെക്രട്ടറിയായി എം.കെ. മുനീറിനെയോ കെ.എം. ഷാജിയെയോ നിയോഗിക്കും. നിയമസഭയിലേക്ക് മത്സരിക്കുന്നതിന് കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചാൽ, ഒഴിവ് വരുന്ന മലപ്പുറം ലോക്സഭാ സീറ്റിൽ എം.കെ. മുനീറിനെ മത്സരിപ്പിക്കാനും പദ്ധതിയുണ്ട്.

 മതസംഘടനകളുമായി സഖ്യം വീണ്ടും

വിവിധ മുസ്ലിം സംഘടനകളിലൂടെ ലീഗിന്റെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള നീക്കത്തിനും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ തുടക്കമായി. എൽ.ഡി.എഫ് സർക്കാരിന്റെ മുന്നാക്ക സംവരണം നയം ആയുധമാക്കുകയാണ് തന്ത്രം.

* മുസ്ലിംലീഗുമായി പൊക്കിൾക്കൊടി ബന്ധമുള്ള സംഘടനയാണ് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ.കെ വിഭാഗം).

* കാന്തപുരം നേതൃത്വം നൽകുന്ന സുന്നി വിഭാഗത്തിലെ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമയുമായി (എ.പി.വിഭാഗം) പി.കെ. കുഞ്ഞാലിക്കുട്ടിക്ക് അടുത്ത ബന്ധമുണ്ട്.

* കേരള നദ്‌വത്തുൽ മുജാഹിദീൻ. പൊതുവെ മുസ്ലിംലീഗ് അനുകൂല നിലപാട്. 2002 ലെ പിളർപ്പിന് ശേഷം ടി.പി. അബ്ദുള്ള കോയ മഅ്ദനിയുടെയും ഹുസൈൻ മടവൂരിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ ഐക്യത്തിലാണ്.

* ജമാഅത്തെ ഇസ്ലാമിയും രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയും തദ്ദേശ തിരഞ്ഞടുപ്പിൽ ലീഗുമായി സഖ്യത്തിലേർപ്പെടാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.

* പോപ്പുലർ ഫ്രണ്ടും രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐയും തിരഞ്ഞെടുപ്പ് ധാരണയ്ക്ക് മുസ്ലിംലീഗുമായി ചർച്ച തുടങ്ങി.

'തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം കാഴ്ച്ചവയ്ക്കുകയാണ് മുസ്ലീംലീഗിന് മുന്നിലുള്ള ദൗത്യം. കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരണോ ഡൽഹിയിൽ നിൽക്കണോ എന്നൊക്കെ പാർട്ടി നേതൃത്വമാണ് തീരുമാനിക്കുന്നത്".

- പി.വി. അബ്ദുൽ വഹാബ് എം.പി