life-mission

കൊച്ചി : ലൈഫ് മിഷൻ കേസ് റദ്ദാക്കാൻ സർക്കാർ ഉൾപ്പെടെ നൽകിയ ഹർജികൾ നേരത്തേ തീർപ്പാക്കണമെന്ന സി.ബി.ഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. സ്റ്റേ കാരണം അന്വേഷണം തടസപ്പെട്ടെന്നും ഹർജികൾ വേഗം തീർപ്പാക്കണമെന്നുമായിരുന്നു സി. ബി. ഐയുടെ ഉപഹർജിയിലെ ആവശ്യം.ഇന്നലെ രാവിലെ വാദത്തിനു തയ്യാറാണോയെന്ന് സിംഗിൾ ബെഞ്ച് ആരാഞ്ഞപ്പോൾ എതിർ സത്യവാങ്മൂലം സമർപ്പിക്കാനും അഡിഷണൽ സോളിസിറ്റർ ജനറൽ ഹാജരാകാനും സമയം വേണമെന്ന് സി.ബി.ഐ അഭിഭാഷകൻ വ്യക്തമാക്കി.എതിർ സത്യവാങ്മൂലം ഫയൽ ചെയ്യാതെ ഹർജി നേരത്തേ പരിഗണിക്കാൻ അപേക്ഷ നൽകിയതെന്തിനാണെന്ന് സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. എതിർ സത്യവാങ്മൂലവും അഡി. സോളിസിറ്റർ ജനറലിന്റെ തീയതിയും ലഭിച്ചശേഷം ഹർജികൾ നേരത്തെ പരിഗണിക്കാനുള്ള അപേക്ഷ നൽകാമെന്നു വ്യക്തമാക്കി ഉപഹർജി തള്ളുകയായിരുന്നു.

ലൈഫ് മിഷൻ ഇടപാടിൽ വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്ന പരാതിയിൽ സി.ബി.ഐ അന്വേഷണം ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

മാദ്ധ്യമ ശ്രദ്ധയ്‌ക്കെന്ന് സർക്കാർ

മറുപടി സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് അറിഞ്ഞുകൊണ്ട് സി.ബി.ഐ ഈ ഹർജി നൽകിയത് മാദ്ധ്യമങ്ങളിൽ വാർത്ത വരുത്തി സർക്കാരിനെ അപകീർത്തിപ്പെടുത്താനാണെന്ന് ലൈഫ് മിഷനു വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ കെ.വി. വിശ്വനാഥൻ വാദിച്ചു. രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയായ സി.ബി.ഐയിൽ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നതെന്നും സർക്കാർ വാദിച്ചു.

ഇതിൽ നിഗമനങ്ങൾക്കു തയ്യാറല്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. കേന്ദ്ര - സംസ്ഥാന പോരിനിടയിൽ പെട്ടുപോയ ബിസിനസുകാരനാണ് താനെന്നും ബിസിനസ് തകരുകയാണെന്നും യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ വാദിച്ചു. ഇക്കാര്യങ്ങൾ ഇപ്പോൾ പരിഗണിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.