cmfri
കെ.വി.കെ വിപണന കേന്ദ്രം

കൊച്ചി: സി.എം.എഫ്.ആർ.ഐക്ക് അകത്ത് പ്രവർത്തിച്ചിരുന്ന കെ.വി.കെ വിപണനകേന്ദ്രം പാതയോരത്തേക്ക് മാറ്റി. ഇനി മുതൽ ഹൈക്കോടതിക്ക് സമീപം ഗോശ്രീ റോഡിലെ സി.എം.എഫ്.ആർ.ഐ. വളപ്പിനുള്ളിൽ കയറാതെ റോഡിൽനിന്ന് നേരിട്ട് വിപണന കേന്ദ്രത്തിലേക്ക് പ്രവേശിക്കാം. കർഷകർക്കാവശ്യമുള്ള ഉത്പന്നങ്ങൾ വിൽക്കുന്ന ഫാം സ്റ്റോറും കർഷകരുടെ മാത്രം ഉത്പന്നങ്ങൾ വിൽക്കുന്ന ഫാം ഷോപ്പിയുമായി വേർതിരിച്ചിട്ടുണ്ട്.

വിത്തുകൾ, പച്ചക്കറി തൈകൾ, ജൈവവളങ്ങൾ എന്നിവയ്ക്ക് പുറമെ മത്സ്യക്കുഞ്ഞുങ്ങൾ, കോഴിക്കുഞ്ഞുങ്ങൾ, മത്സ്യക്കൂട്, കോഴിക്കൂട്, അസോള യൂണിറ്റ്, ഹൈഡ്രോപോണിക് പുൽ യൂണിറ്റ് തുടങ്ങിയവ ഫാംസ്റ്റോറിൽ നിന്ന് വാങ്ങാം. കാർഷിക യന്ത്രോപകരണങ്ങൾ ഇവിടെ വാടകയ്ക്ക് കിട്ടും.

കർഷകർ ഉൽപാദിപ്പിക്കുന്ന മികച്ച ഉത്പന്നങ്ങൾ പായ്ക്കിംഗും ബ്രാൻഡിംഗും ചെയ്ത് ഫാം ഷോപ്പിയിൽ നിന്ന് ലഭ്യമാക്കുന്നു. ശീതീകരിച്ച ചക്കപ്പഴം, പച്ചച്ചക്ക, ചക്കക്കുരു എന്നിവ വർഷം മുഴുവൻ ലഭ്യമാണ്. അരിഞ്ഞു പാക്കറ്റിലാക്കിയ പച്ചക്കറികൾ, പഴങ്ങൾ, വൃത്തിയാക്കിയ മത്സ്യം, വീട്ടുവളപ്പുകളിൽ ഉത്പാദിപ്പിക്കുന്ന കോഴി, കാട, താറാവ് മുട്ടകൾ, പാൽ, നെയ്യ്, മറയൂർ ശർക്കര, വെളിച്ചെണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്. സംസ്ഥാനത്തിന് പുറത്തുള്ള കർഷകരുടെ ഉത്പന്നങ്ങളായ നല്ലെണ്ണ, കടലയെണ്ണ, ചെറുപയർ, കടല, സാമ്പാർ പരിപ്പ്, ഉഴുന്ന് തുടങ്ങിയവയും ലഭ്യമാണ്.

രാവിലെ 9.30 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തന സമയം.