
50,000 രൂപയുടെ വായ്പക്കായി ഒരു ലക്ഷം രൂപ നഷ്ടപ്പെടുത്തി!
ആലുവ: ആധാർ കാർഡും, പാൻ കാർഡും, ഫോട്ടോയുമുണ്ടോ, ഇരുപതുലക്ഷം രൂപ വരെ ഒൺലൈൻ വഴി ലോൺ കിട്ടും.... ഇങ്ങനെ ഒരു മെസേജ് വന്നാൽ ചാടിപ്പിടിക്കരുത്. പെട്ടു പോയാൽ കൈയ്യിലുള്ളതും നഷ്ടമാകും. ഓർമിപ്പിക്കുന്നത് എറണാകുളം റൂറൽ ജില്ലാ പൊലീസ്.
കൊവിഡ് കാലത്തെ ഒൺലൈൻ തട്ടിപ്പുകളിലൊന്നാണിത്.
വാട്‌സാപ്പിലൂടെയോ മെയിൽ വഴിയോ ഫോട്ടോയും തിരിച്ചറിയൽ കാർഡും
അയച്ചുകഴിഞ്ഞാൽ താമസിയാതെ വായ്പക്ക് നിങ്ങൾ അർഹരാണെന്നും പ്രോസസിംഗ് ഫീസായി നിശ്ചിത തുക അടയ്ക്കാനും മെസേജ് വരും.
പിന്നാലെ അഭിനന്ദന സന്ദേശവും എത്തും.ഓരോ കാരണം പറഞ്ഞ് ഘട്ടം ഘട്ടമായി വലിയൊരു തുക കൈക്കലാക്കും. ഈ അടയ്ക്കുന്ന തുകയെല്ലാം തിരിച്ച് ലഭിക്കുമെന്ന് സംഘം ഉറപ്പു നൽകുകയും ചെയ്യും. ഇങ്ങനെ ലക്ഷങ്ങൾ പോയവർ നിരവധി. ജില്ലയിൽ അമ്പതിനായിരം രൂപയുടെ ലോൺ ലഭിക്കുന്നതിന് ഒരു ലക്ഷത്തോളം രൂപ അടച്ചയാളും ഉണ്ട്.
പ്രമുഖ ലോൺ ദാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് ഉണ്ടാക്കി പണം തട്ടുന്നവരും നിരവധിയാണ്. ഇതര സംസ്ഥാനങ്ങളിലാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. കൃത്യമായ വിലാസമോ, ഓഫീസോ അനുബന്ധ വിവരങ്ങളോ ഇല്ലാത്തതുകൊണ്ട് ഇവരെ കണ്ടെത്താനോ ഇവരിലേക്കെത്തുവാനോ എളുപ്പമല്ല. കൊവിഡ് കാലത്ത് പണത്തിന് അത്യാശ്യമുള്ളതിനാൽ ഒൺലൈൻ വായ്പ ലഭിക്കുന്ന സൈറ്റുകൾ പരതി അവരുടെ കെണിയിൽ പെട്ടുപോകുന്നവർ ഒരുപാടു പേരുണ്ട്. ചതിയിൽ പെട്ട് പണം കളയരുതെന്ന് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് മുന്നറിയിപ്പു നൽകി.