കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നട്ടം തിരിയുന്ന ഹോട്ടൽ മേഖലയ്ക്ക് നിത്യോപയോഗസാധനങ്ങളുടെ വിലക്കറ്റംമൂലം പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയായെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

കൊവിഡിനെ തുടർന്ന് ഇറച്ചിക്കോഴിയുടെ ഉപഭോഗം കുറഞ്ഞിട്ടും വിലകൂടുകയാണ്. ഇടനിലക്കാർ കൃത്രിമക്ഷാമം സൃഷ്ടിച്ച് അന്യായമായി വില വർദ്ധിപ്പിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ വലിയ രീതിയിലുള്ള വർദ്ധനവാണ് ഇറച്ചിക്കോഴി വിലയിൽ ഉണ്ടായിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ സവാളയുടെ വില അഞ്ചിരട്ടിയാണ് വർദ്ധിച്ചത്. അതുപോലെതന്നെ ഹോട്ടലുകളിലെ മറ്റ് നിത്യോപയോഗ വസ്തുക്കളായ ഉഴുന്ന്, ഉള്ളി, കാരറ്റ്, നാളികേരം, വെളിച്ചെണ്ണ അടക്കമുള്ള പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

സർക്കാർ അടിയന്തരമായി വിപണിയിലിടപെട്ട് ഇറച്ചിക്കോഴിയുടേയും പച്ചക്കറികളുടേയും പലവ്യഞ്ജനങ്ങളുടേയും വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ എന്നിവർ ആവശ്യപ്പെട്ടു.