കൂത്താട്ടുകുളം: കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിട്ടും സ്വന്തം കാലിൽ നിൽക്കാൻ ജീവിതത്തോട് പൊരുതുന്ന ജയാ ബ്രദേഴ്സിനെ ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. പ്രദീപ് ജോൺ ആദരിച്ചു. മസ്ക്കുലാർ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച് പതിനാറു കൊല്ലമായി ഈ ചേട്ടനും അനിയനും വീൽചെയറിലാണ് സഞ്ചാരം. പ്രതിസന്ധികളിൽ തളരാതെ ജീവിതത്തോട് പൊരുതാൻ ഇവർ കണ്ടുപിടിച്ച മാർഗ്ഗവും കൊവിഡ് തകിടം മറിച്ചിരിക്കുകയാണ്. ചിത്രരചന പഠിക്കാത്ത ഇവർ വരച്ചിട്ടുള്ള ചിത്രങ്ങൾ കണ്ട് മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർ ഇവരെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. ഇതുവഴി തെങ്കാശിയിലുള്ള പാരമ്പര്യ വൈദ്യചികിത്സക്കും ഹൃദ്രോഗചികിത്സക്കും യാത്രക്കും ഉള്ള തുക കണ്ടെത്തിയിരുന്ന ഇവർക്ക് ഇപ്പോൾ ജീവിതം വഴിമുട്ടിനിൽക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും ഇവർ കാണിക്കുന്ന ഈ ആർജ്ജവം പുതുതലമുറ കണ്ടു പഠിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിസാൻസ് സെൽ എറണാകുളം ജില്ലാ കൺവീനർ ഷാജി കണ്ണൻ കോട്ടിൽ, ഒ.ബി.സി മോർച്ച പിറവം മണ്ഡലം ട്രഷറർ കെ.കെ മോഹനൻ എന്നിവർ സന്നിഹതരായിരുന്നു.