അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് താബോർ ഡിവിഷനിൽ കുടിവെള്ള ക്ഷാമം നേരിടുന്ന കോക്കുന്ന് കുന്നിന്റെ കിഴക്ക് ഭാഗങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ അനുവദിച്ചു . കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള കറുകുറ്റി മൂക്കന്നൂർ കുടിവെള്ള പദ്ധതിയുടെ പ്രധാന ജലവിതരണ കുഴലിൽ കോക്കുന്ന് ജംഗ്ഷനിൽ നിന്ന് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വാട്ടർ അതോറിറ്റിയാണ് നിർവഹണ ഏജൻസി. ബ്ലോക്ക് പഞ്ചായത്ത് തുക വാട്ടർ അതോറിറ്റിക്ക് കൈമാറി. കോക്കുന്ന് കുന്നിന് കിഴക്ക് ഭാഗത്തും പറവട്ടി റോഡ് ഭാഗത്തുമുള്ള നൂറോളം കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്നും ഡിവിഷൻ മെമ്പർ ടി.എം.വർഗ്ഗീസ് അറിയിച്ചു.