
കൊച്ചി :സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യൽ അട്ടിമറിക്കാൻ എം. ശിവശങ്കർ അസുഖം നടിക്കുകയാണെന്നും അദ്ദേഹത്തിന് വേദന സംഹാരി മാത്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.കസ്റ്റംസ് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് അസി. സോളിസിറ്റർ ജനറൽ നൽകിയ വിശദീകരണ പത്രികയിലാണ് ഇക്കാര്യങ്ങൾ.സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുമെന്നതിനാൽ ഒക്ടോബർ 14 ന് തന്നെ മുൻകൂർ ജാമ്യാപേക്ഷയുടെ വക്കാലത്ത് ശിവശങ്കർ ഒപ്പിട്ടു നൽകിയിരുന്നു. എവിടെ വച്ചാണ് വക്കാലത്ത് ഒപ്പിട്ടതെന്ന് വ്യക്തമായിട്ടില്ല. ഇതിനു ശേഷമാണ് വെള്ളിയാഴ്‌ച വൈകിട്ട് കസ്റ്റംസ് വിളിപ്പിച്ചപ്പോൾ രോഗം നടിച്ച് ആശുപത്രിയിൽ പ്രവേശിച്ചത്. എന്തു ചെയ്യണമെന്നു മുൻകൂട്ടി ആസൂത്രണം ചെയ്തു ശിവശങ്കർ നടപ്പാക്കി. ഇതിനുശേഷം കസ്റ്റംസിനെ പഴി പറയുകയാണ്. ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാൻ രോഗിയായി നടിക്കാനും ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്കെന്ന പേരിൽ പ്രവേശിക്കാനും മുൻകൂട്ടി തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ അട്ടിമറിക്കാൻ രോഗിയായി നടിക്കുകയാണെന്നും വിശദീകരണത്തിൽ പറയുന്നു.
കസ്റ്റംസ് ആക്ടിലെ 108 സെക്‌ഷൻ പ്രകാരം നോട്ടീസ് നൽകിക്കഴിഞ്ഞാൽ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കണമെങ്കിൽ തനിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തെന്നോ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നോ കോടതിയെ ബോദ്ധ്യപ്പെടുത്തണം. ഇക്കാര്യങ്ങൾ ഹർജിയിൽ പറയുന്നില്ല. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും വിശദീകരണ പത്രികയിൽ പറയുന്നു.
ശിവശങ്കറിന് പിഴിച്ചിൽ
തിരുവനന്തപുരം: എം.ശിവശങ്കറിന് വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയായ ത്രിവേണിയിൽ പിഴിച്ചിൽ ചികിത്സ തുടങ്ങി. എണ്ണപ്പാത്തിയിൽ കിടത്തി ശരീരത്തിൽ കുഴമ്പ് പുരട്ടിയ ശേഷം ഔഷധങ്ങൾ ചേർന്ന എണ്ണ ചൂടാക്കി ഒഴിച്ചാണ് പിഴിച്ചിൽ. .
നടുവേദനയുണ്ടെന്ന് പറഞ്ഞതിനാൽ, നടുവിന്റെ എക്സ്‌റേ അടക്കമുള്ള പരിശോധനയിൽ . നട്ടെല്ലിലെ ഡിസ്കിന് ചെറിയ തള്ളലുണ്ടെന്ന് കണ്ടെത്തി. അന്വേഷണ ഏജൻസികളുടെ ചോദ്യംചെയ്യലിന് വിധേയനാവാൻ കൊച്ചിയിലേക്ക് തുടർച്ചതായി റോഡു മാർഗ്ഗം യാത്ര നടത്തിയതാവാം കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. പിഴിച്ചിലിനു പുറമെ ഫിസിയോതെറാപ്പിയുമുണ്ട്. എത്ര ദിവസത്തെ ചികിത്സ വേണമെന്ന് പറയാറായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തനിക്ക് നേരത്തേ നടുവേദനയുണ്ടായിട്ടുണ്ടെന്നും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സ നടത്തിയിരുന്നെന്നും എൻഫോഴ്സ്മെന്റിന് ശിവശങ്കർ മൊഴി നൽകിയിരുന്നു. മെഡിക്കൽ കോളേജാശുപത്രിയിലെ ന്യൂറോസർജറി, ഓർത്തോ, കാർഡിയോളജി ഡോക്ടർമാരുടെ പരിശോധനയിൽ കാര്യമായ അസുഖമില്ലെന്ന് കണ്ടെത്തിയിരുന്നു.നടുവേദന ഗുരുതരമല്ലെന്നും, വേദനസംഹാരി കഴിച്ച് വീട്ടിൽ വിശ്രമിച്ചാൽ മതിയെന്നുമാണ് മെഡിക്കൽ കോളേജാശുപത്രിയിലെ മെഡിക്കൽ ബോർഡ് വിലയിരുത്തിയത്. കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും 23വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.