 
തൃപ്പൂണിത്തുറ: രാജനനഗരിയുടെ തിലകക്കുറിയായ അന്ധകാരത്തോടിന്റെ ഇരുളകലുന്നു.നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന അന്ധകാരത്തോട് നവീകരണം അവസാനഘട്ടത്തിലാണ്. നിലവിൽ സംരക്ഷണഭിത്തിയുടെ അറ്റകുറ്റപ്പണിയാണ് നടക്കുന്നത്. തോട്ടിലെ മാലിന്യങ്ങൾ നേരത്തെ നീക്കിയിരുന്നു. എം. സ്വരാജ് എം.എൽ.എയാണ് അന്ധകാരത്തോട് നവീകരണത്തിന് നടപടിയെടുത്തത്. കിഫ്ബിയുടെ സഹായത്തോടെ പതിനൊന്നരകോടി രൂപയാണ് നവീകരണത്തിനായി വകയിരുത്തിയിരിക്കുന്നത്.
തൃപ്പൂണിത്തുറ മാർക്കറ്റിൽ നിന്നും നാടിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വള്ളങ്ങളിൽചരക്കു കൊണ്ടപോയിരുന്നത് അന്ധകാരത്തോട്ടിലൂടെയായിരുന്നു. കാലംമാറുകയും ഗതാഗത സൗകര്യം മെച്ചപ്പെടുകയും ചെയ്തതോടെ തോട്ടിലൂടെയുള്ള ചരക്കുനീക്കം നിലച്ചു. പിന്നീട് മാലിന്യംനിറഞ്ഞും പച്ചപ്പുപടർന്നും പേരു സൂചിപ്പിക്കുംപോലെ തോട് അന്ധകാരത്തിലായി. നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യങ്ങളിൽ ഒന്നായിരുന്നു തോട് നവീകരണം.
# തോടിന് ഇരുവശത്തും നടപ്പാത വരും
തോടിന് ചേർന്നുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പഴയ പ്രൗഢിയിലേക്ക് എത്തിക്കുന്നതിനോടൊപ്പം ഇരുവശത്തും സ്ഥലലഭ്യത അനുസരിച്ച് നടപ്പാതകളും റോഡുകളും നിർമ്മിക്കും. ബോട്ടിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. മാലിന്യം ഇടുന്നത് തടയാൻ തോടിന്റെ ഇരുവശത്തും ഫെൻസിംഗ് നിർമ്മിക്കുന്നതിനും പദ്ധതിയുണ്ട്. റോഡരികിൽ തെരുവ് വിളക്കുകളും ആളുകൾക്ക് വിശ്രമിക്കുന്നതിനായി ഇരിപ്പിടങ്ങളും സ്ഥാപിക്കും. തോടിന് കുറുകെ ആവശ്യമായ സ്ഥലങ്ങളിൽ പാലമോ നടപ്പാലമോ നിർമ്മിക്കുന്നതിനും പദ്ധതിയുണ്ട്. ഏതാനും മാസത്തിനകം ജോലികൾ പൂർത്തിയാകും.