
കൊച്ചി: വിവാദത്തിനില്ലെന്നും തങ്ങൾക്ക് നീതിയാണ് ലഭിക്കേണ്ടതെന്നും കൊവിഡ് ബാധിച്ച് മരിച്ച ഹാരിസിന്റെ കുടുംബം. ഹാരിസിന്റെ രോഗം സംബന്ധിച്ച് എറണാകുളം മെഡിക്കൽ കോളേജ് അധികൃതർ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. മുഖ്യമന്ത്രിക്കുൾപ്പെടെ നൽകിയ പരാതിയിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ഖത്തറിൽ ഡ്രൈവറായിരുന്നു ഹാരിസ്. ഭാര്യ റുക്‌സാന രോഗിയാണ്. മകൻ സൽമാൻ കുവൈറ്റിൽ കടയിൽ ജോലി ചെയ്യുകയാണ്. ഇളയ മകൻ സഫ്രാൻ വിദ്യാർത്ഥിയാണ്. ഫോർട്ടുകൊച്ചി തുരുത്തിയിലാണ് തറവാട്. ഐശാബി, സൈനബ, സീനത്ത്, ജാസ്‌മിൻ, ആരിഫ എന്നിവരാണ് സഹോദരങ്ങൾ.
"വിവാദത്തിനും രാഷ്ട്രീയത്തിനും താല്പര്യമില്ല. നീതി കിട്ടണം." ഹാരിസിന്റെ സഹോദരിയുടെ മകൻ പി.കെ. റിയാസ് കേരളകൗമുദിയോട് പറഞ്ഞു. മരണത്തിൽ അന്നേ സംശയമുണ്ടായിരുന്നു. ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. മറുപടിയോ വിശദീകരണമോ ലഭിച്ചിട്ടില്ല.
അസത്യങ്ങളാണ് ആശുപത്രി അധികൃതർ പറയുന്നത്. അദ്ദേഹം പ്രമേഹരോഗിയായിരുന്നില്ല. ഓക്സിജൻ കിട്ടാതെ, ശ്വാസമെടുക്കാതെയാണ് മരിച്ചതെന്ന് ഇപ്പോഴാണ് അറിയുന്നത്. കൊവിഡ് നേരിടാൻ സർക്കാരും ആരോഗ്യപ്രവർത്തകരും കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാം. സത്യം പറഞ്ഞ നഴ്സിംഗ് ഓഫീസർ ജലജാദേവിയെയും ഡോ. നജ്മയെയും ശിക്ഷിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഹാരിസിന്റെ ഭാര്യാസഹോദരൻ അൻവർ പറഞ്ഞു.