sajna

കൊച്ചി: വഴിയരികിൽ ബിരിയാണിക്കച്ചവടം നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ ട്രാൻസ്‌ജെൻഡർ സജ്‌ന ഷാജി ഒടുവിൽ വിവാദങ്ങളിൽ മനംമടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഉറക്കഗുളികകൾ അമിതമായി കഴിച്ച സജ്നയെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്.

നഗരത്തിൽ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്‌നയുടെ കച്ചവടം ചിലർ മുടക്കിയതിനെത്തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇവർക്ക് വലിയ പിന്തുണയാണ് ലഭിച്ചത്.

പലരും ഇവർക്ക് സാമ്പത്തിക സഹായവുമായി രംഗത്തു വന്നിരുന്നു.

ഇതിനെ തുടർന്നുണ്ടായ വിവാദങ്ങളാണ് ആത്മഹത്യാശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സജ്‌നയ്ക്കും ട്രാൻസ്ജെൻഡർ സുഹൃത്തായ തീർത്ഥയ്ക്കും നേരെ ദിവസങ്ങൾക്കു മുമ്പാണ് ശാരീരികവും മാനസികവുമായ ആക്രമണമുണ്ടായത്. ഇതേതുടർന്ന് ഫേസ്ബുക്കിലൂടെ ദുരിതങ്ങൾ ഇവർ പങ്കുവച്ചതോടെ മന്ത്രി കെ.കെ. ശൈലജ, നടൻ ജയസൂര്യ ഉൾപ്പെടെ നിരവധി പ്രമുഖർ

സഹായവാഗ്ദാനങ്ങൾ നൽകി. ഇതിനു പിന്നാലെ സുശാന്ത് നിലമ്പൂർ എന്ന യൂട്യൂബ് വ്ലോഗർ ഇവർക്ക് വീടു വച്ചു നൽകാൻ സഹായിക്കണമെന്ന രീതിയിൽ അക്കൗണ്ട് നമ്പർ സഹിതം നൽകി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ അക്കൗണ്ടിലേക്ക് വന്ന പണം സംബന്ധിച്ച് സജ്ന തീർത്ഥയോട് സംസാരിക്കുന്ന ശബ്ദസന്ദേശം ആരോ പുറത്തുവിട്ടിരുന്നു. തുടർന്ന് പണം തട്ടാനുള്ള നാടകമായിരുന്നു ഇതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ സജ്നയ്ക്ക് എതിരെ ആരോപണമുയർന്നു. എന്നാൽ ശബ്ദ സന്ദേശത്തിൽ കൃത്രിമമുണ്ടെന്നും ആരോടും പണമാവശ്യപ്പെട്ടില്ലെന്നും അവകാശപ്പെട്ട് സജ്‌നയും രംഗത്തെത്തിയിരുന്നു. ട്രാൻസ് സമൂഹത്തിൽപ്പെട്ട ചിലർ തന്നെയാണ് ഇവരുടെ ശബ്ദസന്ദേശം പുറത്തുവിട്ടതെന്നും ആക്ഷേപമുണ്ട്.