highcourt

കൊച്ചി : പാലത്തായി പീഡനക്കേസിൽ നിലവിലുള്ള സംഘത്തെ മാറ്റി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ ഐ.ജി റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കണമെന്ന് ഡി.ജി.പി ക്കു നൽകിയ നിർദ്ദേശത്തിൽ സിംഗിൾബെഞ്ച് വ്യക്തമാക്കി. പാലത്തായിയിൽ നാലാം ക്ളാസ് വിദ്യാർത്ഥിനിയെ അദ്ധ്യപകനും ബി.ജെ.പി നേതാവുമായ പദ്മരാജൻ പീഡിപ്പിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ അന്വേഷണം ഏതു സംഘത്തെ ഏൽപിക്കാനും തയ്യാറാണെന്ന് സർക്കാർ അറിയിച്ചു. സർക്കാർ ഇരയ്ക്കൊപ്പമാണ്. ഏത് പൊലീസ് ഉദ്യോഗസ്ഥനെയും അന്വേഷണത്തിന് നിയോഗിക്കാൻ തയ്യാറാണ്. നിലവിലെ അന്വേഷണ സംഘത്തെ മാറ്റാനും തയ്യാറാണെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഇതു കണക്കിലെടുത്താണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.