കൊച്ചി : പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട പരാതികളും ഹർജികളും ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് പരിഗണിക്കട്ടെയെന്നു വ്യക്തമാക്കിയ ഹൈക്കോടതി ഇക്കാര്യത്തിൽ സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കി.
പെരിയാർ മലിനീകരണം തടയുന്നതിനായി വിവിധ ഫോറങ്ങളിൽ നിന്നുള്ള നടപടികളും ഉത്തരവുകളുമുണ്ട്. ഇത്തരത്തിലുള്ള ഉത്തരവുകളുടെ ബാഹുല്യം ഒഴിവാക്കാൻ ഹരിത ട്രിബ്യൂണൽ വിഷയം പരിഗണിക്കട്ടേയെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജനുവരിയിലാണ് പെരിയാർ മലിനീകരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. സമാന വിഷയത്തിൽ ഹരിത ട്രിബ്യൂണലിലും ഹർജികളുണ്ട്. വിദഗ്ദ്ധ ഏജൻസികളുടെ റിപ്പോർട്ടു തേടിയും മറ്റും ട്രിബ്യൂണൽ പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. കക്ഷികൾക്ക് തങ്ങളുടെ വാദം ട്രിബ്യൂണലിനു മുന്നിൽ ഉന്നയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജികൾ നിശ്ചിത സമയത്തിനുള്ളിൽ തീർപ്പാക്കണമെന്ന് ട്രിബ്യൂണലിനു നിർദ്ദേശം നൽകണമെന്ന ആവശ്യവും ഡിവിഷൻ ബെഞ്ച് അനുവദിച്ചില്ല.