കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമായ പണമിടപാട് നടത്തുന്നതിനായി ഓട്ടോ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ മുഴുവൻ ഓട്ടോറിക്ഷകളിലും ക്യു.ആർ.പേ സംവിധാനം ഏർപ്പെടുത്തുന്നു. ജില്ലയിലെ ആറ് പ്രധാന ട്രേഡ് യൂണിയനുകൾ ചേർന്ന് രൂപം നൽകിയ എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണസംഘത്തിന് വേണ്ടി ഫെഡറൽ ബാങ്കും ടെക്നോവിയ ഇൻഫോ സൊല്യൂഷൻസും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇന്നു നിലവിലുള്ള ഏതൊരു ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം വഴിയും ഓട്ടോ ചാർജ് ഉടനടി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം. ട്രയൽ റൺ പൂർത്തിയായ പദ്ധതിയുടെ ഉദ്ഘാടനം ആർ.ടി.ഒ ഷാജി മാധവൻ നിർവഹിച്ചു. ഓട്ടോ സൊസൈറ്റി പ്രതിനിധികളായ പ്രസിഡന്റ് എം.ബി.സ്യമന്തഭദ്രൻ,.സെക്രട്ടറി കെ.കെ.ഇബ്രാഹിംകുട്ടി, ബിനു വർഗീസ്, അനിൽകുമാർ,ഫെഡറൽബാങ്ക് വൈസ് പ്രസിഡന്റ് പി.വി.ജിതേഷ് തുടങ്ങിയവർ പങ്കെടുത്തു.