കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ തൊടാക്കയം മേഖലയിൽ കാട്ടാനശല്യം രൂക്ഷം. മാസങ്ങളായി ഇവിടത്തുകാർ ഭീതിയിലാണ് കഴിയുന്നത്. രാത്രിയും പകലുമെന്നില്ലാതെ കൂട്ടമായെത്തുന്ന ആനകൾ കൃഷികളും കെട്ടിടങ്ങളും നശിപ്പിക്കുകയാണ്.

ആൾതാമസമുള്ള വീടുകൾ വരെ ആനകളുടെ അക്രമണത്തിൽ തകർന്നു. ആശുപത്രിലോ ആവശ്യ സാധനങ്ങൾ വാങ്ങാനോ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശത്ത് നിലവിൽ അഞ്ച് കുടുംബങ്ങൾ മാത്രമാണുള്ളത്. കാട്ടാന ആക്രമണം ഭയന്ന് ആളുകൾ ഇവിടംവിട്ട് പോവുകയായിരുന്നു. അതേസമയം നിരവധി പരാതികൾ നൽകിയിട്ടും അധികൃതരാരും ഈ വഴിക്ക് തിരിഞ്ഞു നോക്കയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഭൂതത്താൻകെട്ടിൽ നിന്ന് അങ്കമാലിയിലേക്ക് ഈ മേഖലയിലൂടെ കനാൽ നിർമ്മിച്ചിട്ടുണ്ട്. ഈ കനാലിനു കുറുകെ വലിയ പാലങ്ങളുമുണ്ട്. ഈ പാലങ്ങളിലൂടെയാണ് കാട് കടന്ന് തൊടാക്കയം മേഖലയിലേക്ക് ആനകൾ എത്തുന്നത്. ഈ പാലത്തിൽ വൈദ്യുതവേലികൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.