 
പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ നിർമ്മാണങ്ങൾക്ക് വേണ്ടിയുളള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. പദ്ധതിയുടെ പുനരധിവാസ പാക്കേജിനുള്ള നടപടികൾ ആരംഭിച്ചു. കെട്ടിടങ്ങളുടെയും ചുറ്റു മതിലുകളുടെയും വില നിർണയിക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങൾ വിഭാഗം ഏകദേശം പൂർത്തീകരിച്ചു. തുടർന്ന് നഷ്ടപരിഹാരം ആവശ്യമായി വരുന്ന സ്ഥല ഉടമകളുടെ യോഗം വിളിച്ചു ചേർത്തു പുനരധിവാസ പാക്കേജിന് രൂപം നൽകുമെന്ന് സ്ഥലം എൽദോസ് കുന്നപ്പിളളി എം.എൽ.എ അറിയിച്ചു.
ഇതിന് മുന്നോടിയായി ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യുട്ടി കളക്ടർ, തഹൽസിദാർ എന്നിവർ എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കൊപ്പം നിർദ്ദിഷ്ട ബൈപ്പാസിനായുള്ള സ്ഥലം സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി.
റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.പെരുമ്പാവൂർ ബൈപാസിനായി 133. 24 കോടി രൂപയുടെ അനുമതിയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി ) നൽകിയിട്ടുള്ളത്. എന്നാൽ രണ്ടാം ഘട്ടതിനായി മാത്രം 170. 53 കോടി രൂപ പദ്ധതി എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരും. രണ്ടാം ഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് കിഫ്ബിയിൽ സമർപ്പിച്ചു. ഇതോടെ ബൈപ്പാസ് രണ്ട് ഘട്ടങ്ങളിലായി പൂർത്തികരിക്കുന്നതിനുള്ള ചെലവ് 200 കോടി കടക്കും.
സർവേ നടപടികൾ പൂർത്തീകരിച്ചു
സർവേയുടെ സ്‌കെച്ച്, പ്ലാൻ എന്നിവ റിപ്പോർട്ട് സഹിതം തുടർ നടപടികൾക്കായി ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹൽസിദാർ കുന്നത്തുനാട് താലൂക്ക് ഭൂരേഖ തഹസിൽദാർക്ക് സമർപ്പിച്ചു. ഭൂമി സർക്കാരിലേക്ക് ഏറ്ററെടുക്കുന്നതിന് തുടർ നടപടികൾ സ്വീകരിക്കേണ്ടത് ഭൂരേഖ തഹസിദാരാണ്. പെരുമ്പാവൂർ വില്ലേജിലെ 106, 112, 113, 117 ബ്ലോക്ക് നമ്പറുകളിൽ ഉൾപ്പെട്ട 58 ഭുവുടമകളുടെ സ്ഥലത്താണ് സർവേ നടപടികൾ പൂർത്തീകരിച്ചത്.
പദ്ധതി രണ്ട് ഘട്ടങ്ങളിൽ
പെരുമ്പാവൂർ, വെങ്ങോല, മാറമ്പിള്ളി വില്ലേജുകളിലാണ് പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മരുത് കവലയിൽ നിന്ന് തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന് പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ്‌കോയാണ്.