waste
കടവന്ത്ര പൊന്നേത്ത് കനാലിലെ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ

# മനുഷ്യാവകാശ കമ്മിഷൻ നടപടിക്ക്

# നഗരസഭയോട് റിപ്പോർട്ട് തേടി

കൊച്ചി : ജനവാസമേഖലയായ കടവന്ത്രയിലെ പൊന്നേത്ത് കനാലിൽ രാത്രിയുടെ മറവിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് പതിവായിട്ടും അനങ്ങാത്ത കോർപ്പറേഷൻ അധികൃതർക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ. പ്രദേശമാകെ പകർച്ചവ്യാധികൾ പടന്നുപിടിക്കുന്നു. ജനജീവിതം ദുസഹമായതോടെ പ്രദേശവാസികൾ പ്രതിഷേധിച്ച് രംഗത്തിറങ്ങി.

പൊന്നേത്ത് കനാലിലും ഇന്ദിരാനഗർ പ്രദേശത്തും അർദ്ധരാത്രിക്ക് ശേഷമാണ് നിരവധി ടാങ്കറുകളിലെത്തിച്ച് മാലിന്യം തള്ളുന്നത്. സംഭവത്തെക്കുറിച്ച് പലതവണ കോർപ്പറേഷൻ കൗൺസിലർക്കും ആരോഗ്യവകുപ്പ്, റവന്യു അധികാരികൾക്കും പരാതി നൽകിയിട്ടും യാതൊരു പരിഹാരവും ഉണ്ടാകുന്നില്ലെന്ന് പരിസരവാസികൾ പറഞ്ഞു. പകർച്ചവ്യാധികൾക്ക് കാരണമാകുന്നതരത്തിൽ കൊച്ചിയിലെ പല കനാലുകളിലും തോടുകളിലും സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. മാലിന്യം തള്ളുന്ന ടാങ്കറുകൾ രാത്രിയിലെ പൊലീസ് പട്രോളിംഗിലൂടെ പിടിച്ചെടുത്ത് കർശനനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊവിഡ് കാലത്ത് അധികാരികൾ ഉണർന്നു പ്രവർത്തിച്ച് ശാശ്വതപരിഹാരം കണ്ടെത്തി ജനങ്ങളെ പകർച്ചവ്യാധികൾ നിന്നും രക്ഷിക്കണമെന്ന് വി ഫോർ കൊച്ചി എറണാകുളം സൗത്ത് സോൺ കൺട്രോളർ ഫോജി ജോൺ, വിൻസെന്റ് ജോൺ എന്നിവർ ആവശ്യപ്പെട്ടു.

# ആശ്വാസവുമായി മനുഷ്യാവകാശ കമ്മിഷൻ

കടവന്ത്ര പൊന്നേത്ത് കനാലിൽ കക്കൂസ് മാലിന്യം നിറഞ്ഞ് ഇന്ദിരാനഗറും പരിസരവും പകർച്ചവ്യാധി ഭീഷണിയിലായിട്ടും മൗനംപാലിക്കുന്ന നഗരസഭക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ നടപടി.
നഗരസഭാ സെക്രട്ടറിയും തേവര പൊലീസ് ഇൻസ്‌പെക്ടറും നാലാഴ്ചയ്ക്കകം പരാതിയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കടവന്ത്ര ഇന്ദിരാനഗർ റെസിഡന്റ് അസോസിയേഷനു വേണ്ടി വി. വേണുഗോപാൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

വൈ.എം.സി.എയ്ക്ക് സമീപമുള്ള കൽവർട്ടിനു താഴെയുള്ള കനാലിന്റെ വിവിധ ഭാഗങ്ങളിലാണ് രാത്രി ശുചിമുറി മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് ഒഴുക്കുന്നത്. ഇത് കനാലിന്റെ മുകൾഭാഗത്ത് ഒഴികിയെത്തി കെട്ടിക്കിടക്കുന്നു. കളക്ടർക്കും പൊലീസിനും നഗരസഭക്കും പരാതി നൽകിയെങ്കിലും നടപടിയെടുക്കുന്നില്ല. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ ശുചീകരിച്ചെങ്കിലും വൈകാതെ മാലിന്യം നിറഞ്ഞതായി പരാതിയിൽ പറയുന്നു.