വൈപ്പിൻ: എറണാകുളം , തൃശൂർ ജില്ലകളെ ബന്ധിപ്പിച്ച് നടത്തിയിരുന്ന മുനമ്പം അഴീക്കോട് ഫെറി സർവീസ് ഇനിയും പുനരാരംഭിച്ചില്ല. അഴീക്കോട് ഭാഗത്ത് ജെട്ടിയിലെ കുറ്റി തകർന്നുപോയതിനാൽ ജങ്കാർ സർവീസ് നിർത്തി വെച്ചിട്ട് രണ്ട് വർഷത്തോളമായി. ജങ്കാർ മുനമ്പത്ത് മറ്റൊരിടത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. പൊതുജനങ്ങളുടെ നിരന്തരമായ പരാതിയെതുടർന്ന് പകരം സംവിധാനമായി ബോട്ട് സർവീസ് ഏർപ്പെടുത്തി. ലോക്ക്ഡൗണിനെ ബോട്ട് സർവീസ് നിർത്തിവച്ചു.

ഇളവ് വന്നതോടെ പള്ളിപ്പുറം കുഞ്ഞിതൈ ഫെറി സർവീസ് , വൈപ്പിൻ ഫോർട്ട് കൊച്ചി ജങ്കാർ സർവീസ് , മുനമ്പത്ത് നിന്ന് പുറപ്പെടുന്ന ബസ് സർവീസുകൾ എന്നിവ പുനരാരംഭിച്ചെങ്കിലും മുനമ്പം അഴീക്കോട് ബോട്ട് സർവീസ് മാത്രം നടന്നില്ല. ഇതിനിടെ അഴീക്കോട് ജെട്ടിയിൽ കുറ്റി സ്ഥാപിച്ച് സർവീസിനു റെഡിയായി. അപ്പോഴാണ് ദീർഘ നാളായി കെട്ടിയിട്ടിരിക്കുന്ന ജങ്കാർ അറ്റുകുറ്റ പണിക്കായും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായും കൊണ്ടുപോയി.

മുനമ്പം മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് നിരവധി വാഹനങ്ങളാണ് ഇവിടെത്തെ ജങ്കാറിലൂടെ കടന്നു പോയിരുന്നത്. ജങ്കാർ നിലച്ചതോടെ തൃശൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പുറം , മൂത്തകുന്നം, മാല്യങ്കര വഴി ചുറ്റിതിരിഞാണ് മുനമ്പത്ത് എത്തുന്നത്. സമയനഷ്ടവും ഇന്ധനനഷ്ടവുമാണ് ഫലം. രണ്ട് ജില്ലകളെ ബന്ധിപ്പിച്ച് നടത്തുന്ന ഫെറി സർവീസ് തൃശൂർ ജില്ലാ പഞ്ചായത്തിൻറെ ചുമതലയിലാണ്. അവരുടെ അനാസ്ഥയാണ് ഇവിടത്തെ ഫെറി സർവീസ് ദീർഘനാളായി സ്തംഭനത്തിലാകുന്നതിൻറെ കാരണം.