life-mission

കൊച്ചി : ലൈഫ് മിഷൻ കേസിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയാണ് സി.ബി.ഐ അന്വേഷണം നടത്തുന്നതെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സി.ബി.ഐ കേസ് റദ്ദാക്കാൻ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ നൽകിയ ഹർജിയിലാണ് കേന്ദ്രത്തിന്റെ മറുപടി. സ്വർണക്കടത്തു കേസ് ഫലപ്രദമായി അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളെ നിയാഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജൂലായ് എട്ടിന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അതനുസരിച്ചാണ് സി.ബി.ഐ അന്വേഷണം.സ്വർണക്കടത്തിൽ തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങൾ കണ്ണി മുറിയാതെ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നുണ്ട്. ഈ കത്ത് മറ്റൊരു കേസിൽ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.

തനിക്കെതിരെ സി.ബി.ഐ അന്വേഷിക്കാനാവില്ലെന്നാണ് ഹർജിക്കാരന്റെ വാദം. ഏത് അന്വേഷണം വേണമെന്ന് പ്രതിക്ക് തീരുമാനിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ ആരോപണ വിധേയരായ കേസുകളിൽ വിശ്വാസ്യത ഉറപ്പാക്കാൻ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും സുപ്രീം കോടതിയുടെ വിധിയുണ്ട്. ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിൽ അപാകതയില്ല. കേസിൽ പ്രതികൾ മൗലികാവകാശത്തിന്റെ പേരിലുള്ള സംരക്ഷണത്തിന് അർഹരല്ലെന്നും കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു.