
കളമശേരി: ഓക്സിജൻ ലഭിക്കാതെ കൊവിഡ് രോഗികൾ മരിച്ചിട്ടില്ലെന്ന് എറണാകുളം മെഡിക്കൽ കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായും സൂപ്രണ്ട് ഡോ. പീറ്റർ പി. വാഴയിൽ, കൊവിഡ് നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ, പ്രിൻസിപ്പൽ ഡോ.വി. സതീഷ് എന്നിവർ പറഞ്ഞു. ഡോ. നജ്മയും നഴ്സിംഗ് ഓഫീസർ ജലജാദേവിയും ഉന്നയിച്ചതുപോലെ ഐ.സി.യുവിൽ സംഭവിച്ചിട്ടില്ല. ആരോപണം ഉന്നയിച്ചവർ അങ്ങനെയൊരു സംഭവം കണ്ടിട്ടില്ല. നഴ്സിംഗ് ഓഫീസർ കൊവിഡ് ഐ.സി.യുവിൽ കയറിയിട്ടില്ല. ഐ.സി.യുവിൽ ജൂനിയർ ഡോക്ടർ മുതൽ ഹൃദ്രോഗവിദഗ്ദ്ധൻ വരെയുള്ള വലിയൊരുസംഘം പ്രവർത്തിക്കുന്നുണ്ട്. ആരോപണം ഉന്നയിച്ച ജൂനിയർ ഡോക്ടർ സജ്നയ്ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും അവർ പറഞ്ഞു.
ഹാരിസിന്റെ മരണത്തിൽ ജീവനക്കാർക്ക് വീഴ്ചയുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ വെന്റിലേറ്റർ ഓഫായിട്ടില്ല. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഗുരുതരമായ ന്യുമോണിയയും ബാധിച്ചിരുന്നു. അമിതമായ വണ്ണം മൂലം ഉറക്കത്തിൽ ശക്തമായി കൂർക്കം വലിക്കുന്ന രോഗവുമുണ്ടായിരുന്നു. ഇതുമൂലം ഓക്സിജൻ താഴുന്ന അവസ്ഥയുമുണ്ടായിരുന്നു. അത് പരിഹരിക്കാനാണ് ആജീവനാന്തം ഉപയോഗിക്കാൻ ഉപകരണം വാങ്ങാൻ നിർദ്ദേശിച്ചതെന്നും അവർ പറഞ്ഞു.