
കോലഞ്ചേരി: വീട്ടിലെ ഊണ് എന്ന പേരിൽ നിരവധി കുടുംബങ്ങൾ നിത്യവൃത്തിക്ക് വക നേടുന്നുണ്ട്. സ്വന്തം വീട്ടിലുണ്ടാക്കും പോലെ ഭക്ഷണം കിട്ടുമെന്ന സന്തോഷവും സംതൃപ്തിയും കഴിക്കുന്നവർക്കുമുണ്ട്.
പക്ഷേ, നിയമത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ തന്നെയാണ് വീട്ടിലൂണ് സമ്പ്രദായവും. വീടുകളിൽ കേക്കോ, അച്ചാറോ, ബിരിയാണിയോ, ഊണോ തയ്യാറാക്കാനും വിൽക്കാനും ലൈസൻസ് നിർബന്ധമാണ്.
ലോക്ക്ഡൗൺ കാലത്ത് രുചിയൂറും വിഭവങ്ങളുമായി വീട്ടമ്മമാർ അടുക്കളകളിൽ സജീവമായിരുന്നു. യുട്യൂബിന്റെ സഹായത്തോടെ കേക്ക് നിർമാണം പഠിച്ചെടുത്ത പലരും ആവശ്യക്കാർക്കനുസരിച്ച് കേക്കുണ്ടാക്കി നൽകാനും തുടങ്ങി. ലോക്ക്ഡൗണിൽ വരുമാനം നിലച്ച പല കുടുംബങ്ങൾക്കും അതൊരു ഉപജീവനമാർഗം കൂടിയായി.
ഇത്തരത്തിൽ വിവിധ വിഭവങ്ങൾ വീടുകളിൽ ഉണ്ടാക്കി വിൽപ്പന നടത്തുന്നതിന് രജിസ്‌ട്രേഷനോ,ലൈസൻസോ നിർബന്ധമാണ്. വാർഷികവിറ്റുവരവ് 12 ലക്ഷത്തിൽ താഴെയാണെങ്കിൽ രജിസ്‌ട്രേഷൻ മാത്രം മതി. 100 രൂപ മാത്രമാണ് ഇതിന്റെ ചെലവ്. അക്ഷയ കേന്ദ്രങ്ങൾ വഴി അതത് സ്ഥലത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാം.
വഴിയോരങ്ങളിൽ വീട്ടിലുണ്ടാക്കിയ പൊതിച്ചോറുകളും ബിരിയാണികളും വിൽപ്പന നടത്തുന്നവർക്കും ഈ രജിസ്‌ട്രേഷൻ മതിയാവും. വീട്ടമ്മമാരുണ്ടാക്കുന്ന ഗുണനിലവാരമുള്ള ഭക്ഷണം മായംചേർക്കാതെ രുചിയോടെ കിട്ടുമെന്നതും വിലയും നന്നേ കുറവാണെന്നതും ആകർഷണമാണ്.
2006 ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്‌ട്രേഷൻ
അല്ലെങ്കിൽ ലൈസൻസ് എടുക്കാത്തവർക്ക് 50,000 രൂപവരെ പിഴയും തടവ് ശിക്ഷയും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ബേക്കറികൾ, ചായക്കടകൾ, ഹോട്ടലുകൾ, സ്റ്റേഷനറി സ്റ്റോഴ്സ്, പലചരക്ക് വ്യാപാരികൾ, അങ്കണവാടികൾ, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌ക്കൂളുകൾ, ഭക്ഷണം പാചകം ചെയ്യുന്ന ആളുകൾ, പലഹാരങ്ങൾ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്നവർ, കാറ്ററിംഗ് സ്ഥാപനങ്ങൾ, കല്യാണ മണ്ഡപം നടത്തുന്നവർ, വെജിറ്റബിൾ & ഫ്രൂട്ട് സ്റ്റാൾ, ഫിഷ് സ്റ്റാൾ, പെട്ടി കടകൾ, വീടുകളിൽ ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നവർ തുടങ്ങി ഭക്ഷ്യയോഗ്യമായ സാധനങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നർക്കെല്ലാം ഫുഡ് ആന്റ് സേഫ്റ്റി ലൈസൻസോ രജിസ്‌ട്രേഷനോ നിർബന്ധമാണ്.
പരാതികൾക്ക് വിളിക്കാം: 18004251125