
 ആശങ്ക നീങ്ങാതെ വിനോദസഞ്ചാരമേഖല
കൊച്ചി: ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കാൻ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും തണുപ്പൻ പ്രതികരണം. അന്വേഷണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ പുറപ്പെടാമോയെന്ന ആശങ്കയിലാണ് സഞ്ചാരികളും ടൂർ ഓപ്പറേറ്റർമാരും. വാരാന്ത്യങ്ങളിൽ സംസ്ഥാനത്തിനകത്തെ വിനോദയാത്രയിൽ ഉണർവ് വന്നിട്ടുണ്ട്.
നവരാത്രി ആഘോഷക്കാലത്ത് ഉത്തരേന്ത്യൻ സഞ്ചാരികൾ വൻതോതിൽ കേരളത്തിൽ എത്താറുണ്ട്. ഇത്തവണ ചില നവദമ്പതികളുടെ മധുവിധു യാത്രകൾ മാത്രമായി ഹോളിക്കാലം പരിമിതപ്പെട്ടു. സകുടുംബം യാത്ര ചെയ്യാൻ താത്പര്യവുമായി വിനോദസഞ്ചാര വകുപ്പിലേക്കും ട്രാവൽ ഏജൻസികളിലേക്കും നിരവധി അന്വേഷണങ്ങൾ വരുന്നുണ്ടെങ്കിലും മുൻകൂർ പണമടച്ച് പാക്കേജുകൾ ബുക്കുചെയ്യാൻ ആരും തയ്യാറാകുന്നില്ലെന്ന് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു.
കേരളത്തിൽ കൊവിഡ് പൊസിറ്റീവ് നിരക്കിലെ ദൈനംദിന വർദ്ധനയും ആശങ്കയ്ക്ക് കാരണമാണ്. പാക്കേജുകളാണ് ഉത്തരേന്ത്യക്കാർ അന്വേഷിക്കുന്നത്. എല്ലാം ഭദ്രമാണ്, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി വന്നുപോകാമെന്ന് വിനോദസഞ്ചാരവകുപ്പ് ഉറപ്പ് നൽകുന്നുണ്ട്.
പ്രതീക്ഷ നവംബറിൽ
നവംബർ മുതൽ മാർച്ചു വരെ ഹോട്ടലുകളിൽ മുറി ബുക്കുചെയ്യാൻ താത്പര്യപ്പെടുന്നവരുമുണ്ട്. ഡിസംബർ മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമാകുമെന്നാണ് സംരംഭകരുടെ പ്രതീക്ഷ. ഹോട്ടലുകൾ 25 ശതമാനം മുറികൾ ഒരുക്കിയിട്ടുണ്ട്. ഡിമാൻഡ് കൂടിയാൽ കൂടുതൽ മുറികൾ തയ്യാറാക്കും.
കേരളത്തിൽ 4,500 മുറികളും 90 ഹോംസ്റ്റേകളും സജ്ജമായതായി ഒയോ ഹോട്ടൽസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഹർഷിത് വ്യാസ് പറഞ്ഞു.
ചെറുസംഘങ്ങൾ വരുന്നു
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മലയാളികളുടെ വരവ് പുനരാരംഭിച്ചു. സ്വന്തം വാഹനങ്ങളിൽ ചെറുസംഘങ്ങൾ ഹിൽസ്റ്റേഷനുകളിൽ വാരാന്ത്യം ചെലവഴിക്കാൻ എത്തുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും യാത്രാവിലക്കുള്ളതിനാൽ കുടുംബങ്ങൾ യാത്ര ഒഴിവാക്കുകയാണ്.
നിയന്ത്രണം ഇങ്ങനെ
 ആഭ്യന്തരസഞ്ചാരികളെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 സഞ്ചാരികൾ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഇ-പാസ് നേടണം.
 ഏഴു ദിവസത്തിൽ കൂടുതൽ തങ്ങുന്നവർ എത്തുന്നതിന് 48 മണിക്കൂറിനുള്ളിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ പരിശോധനയ്ക്ക് വിധേയരാകുകയോ ചെയ്യണം.
''ആറുമാസത്തിലേറെയായി ഒരു രൂപയുടെ വരുമാനമില്ല. വൻമുതൽമുടക്കുള്ള സംരംഭകർക്കുപുറമെ ഡ്രൈവർമാരും ഗൈഡുകളും ചെറുകിട കച്ചവടക്കാരും ഉൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് കാത്തിരിക്കുന്നത്''.
എം.പി. സുധാകരൻ
ടൂർ ഓപ്പറേറ്റർ