• സെന്റ് പീറ്റേഴ്സ് സ്കൂളിൽ കസേര കളി
കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളിലെ പ്രിൻസിപ്പലിന് ഇപ്പോൾ കസേര വരാന്തയിൽ. മാനേജർ പുതിയ പ്രിൻസിപ്പലിനെ നിയമിച്ചതിനെ തുടർന്നാണ് പ്രശ്നം. പത്ത് വർഷമായി പദവിയിലിരിക്കുന്ന പ്രിൻസിപ്പൽ ഇപ്പോൾ വരാന്ത ഓഫീസാക്കിയാണ് സ്കൂളിന്റെ ദൈനംദിന കാര്യങ്ങൾ മുടക്കം വരാതെ നോക്കുന്നത്.
കഴിഞ്ഞ 14നാണ് വൈദികനായ മാനേജർ പുതിയ പ്രിൻസിപ്പലായി സീനിയോറിട്ടിയിൽ ഏറെ താഴെയുള്ള മറ്റൊരു ടീച്ചറെ
നിയമിച്ചത്. മറ്റൊരു വൈദികന്റെ മകളായ ഇവർക്ക് ചുമതലയേൽക്കാനായിട്ടില്ല. മുറി പുതിയ താഴിട്ട് പൂട്ടിയതിനാൽ വരാന്തയിൽ ഇരുന്ന് ഓഫീസ് കാര്യങ്ങൾ നിർവഹിക്കുകയാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ.
പ്ലസ് വൺ അഡ്മിഷൻ ഉൾപ്പെടെ കുട്ടികളുടെ കാര്യങ്ങൾക്കു മുടക്കമുണ്ടാകാതിരിക്കാൻ എല്ലാ ദിവസവും ഇവർ സ്‌കൂളിലെത്തുന്നുണ്ട്.
ഓർത്തഡോക്‌സ്, യാക്കോബായ തർക്കം മൂലം ദീർഘകാലം ഈ സ്‌കൂളിലെ മാനേജർ നിയമനം പ്രശ്നത്തിലായിരുന്നു. കഴിഞ്ഞ വർഷം മുതൽ ഓർത്തഡോക്സ് സഭയുടെ നിയന്ത്രണത്തിലാണ് സ്കൂൾ.
സഭാ തർക്കത്തിൽ ഉലയാതെ സ്‌കൂളിനെ പുരോഗതിയിലേക്കു നയിച്ച പ്രിൻസിപ്പലിനാണ് ഇപ്പോൾ വരാന്തയെ ശരണം പ്രാപിക്കേണ്ട ഗതികേട്.
ഒന്നര പതിറ്റാണ്ടു മുമ്പ് കുട്ടികൾ ചേരാൻ മടിച്ചിരുന്ന സ്‌കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കു പോലും ഇപ്പോൾ പ്ലസ് വണ്ണിനു മെരിറ്റ് സീറ്റിൽ പ്രവേശനം കിട്ടാൻ ബുദ്ധിമുട്ടാണ്.
2007 മുതൽ മാനേജർ നിയമനത്തിനു കേസ് നിലവിലുണ്ടായിരുന്നതിനാൽ പ്രിൻസിപ്പൽ നിയമനവും തടസപ്പെട്ടു കിടക്കുകയായിരുന്നു. യോഗ്യതയുണ്ടായിട്ടും പ്രിൻസിപ്പൽ ഇൻചാർജായ അദ്ധ്യാപികയ്ക്ക് പൂർണ പദവി ലഭിച്ചില്ല.
2010 മുതൽ പ്രിൻസിപ്പൽ തസ്തികയിൽ ശമ്പളം ലഭിക്കേണ്ട അദ്ധ്യാപിക സഭാ തർക്കത്തിൽ ബലിയാടായെന്നാണ് ഇവരുടെ പരാതി. മത ന്യൂനപക്ഷ സ്ഥാപനത്തിൽ പ്രിൻസിപ്പൽ നിയമനത്തിൽ സീനിയോറിറ്റി പരിഗണിക്കേണ്ടതില്ലെന്നാണ് മാനേജുമെന്റിന്റെ വാദം. കഴിഞ്ഞ 20 വരെയാണ് പുതിയ പ്രിൻസിപ്പൽ നിയമനം സംബന്ധിച്ച് നിലപാടെടുക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നതെന്നും അതു കൊണ്ടു തന്നെ പുതിയ നിയമനത്തിന് മറ്റു തടസങ്ങളില്ലെന്നും സ്കൂൾ മാനേജർ വികാരി സി.എം കുര്യാക്കോസ് പറഞ്ഞു. 23 ന് കോടതി വീണ്ടും കേസ് പരിഗണിക്കും.