phone
ഫോണിൽ വന്ന മെസ്സേജ്

കോലഞ്ചേരി: ഫോണിലെത്തുന്ന അജ്ഞാത ലിങ്കുകൾ തുറക്കരുത്. പണം പോണ വഴിയറിയില്ല. നിങ്ങളുടെ അക്കൗണ്ടിൽ പണം വന്നെന്ന് സന്ദേശം കണ്ട് ലിങ്ക് തുറന്നാൽ കാശ് പോകാനിടയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. പേ ടിഎം വഴി അക്കൗണ്ടിൽ പണം കയറിയെന്നും കൂടുതൽ അറിയാൻ ലിങ്ക് തുറക്കണമെന്നും പറഞ്ഞാണ് അജ്ഞാത സന്ദേശം ഫോണിൽ എത്തുന്നത്. വലിയ തട്ടിപ്പിനാണ് ഇത് കളമൊരുങ്ങുന്നത്. ‌‌ദിവസങ്ങൾക്കുള്ളിൽ നിരവധി പേർക്കാണ് സന്ദേശം വന്നത്. നമ്മളെ അറിയാത്ത ആരും പണമയക്കില്ലെന്ന ബോദ്ധ്യം എല്ലാവർക്കും ഉണ്ടാവണം. ജാഗ്രതയാണ് മുൻകരുതൽ.

ഈ നമ്പർ ശ്രദ്ധിക്കുക

+91 7849821438 എന്ന നമ്പറിൽ നിന്നാണ് പലർക്കും സന്ദേശം വരുന്നത്. തിരിച്ചു വിളിക്കുമ്പോൾ നമ്പർ സ്വിച്ച് ഓഫാണ്. എന്നാൽ ഇത് വലിയ തട്ടിപ്പാണെന്നും ലിങ്ക് തുറന്നാൽ പണം പോകാനിടയുണ്ടെന്നും മുൻകരുതൽ വേണമെന്നും പൊലീസ് പറയുന്നു.

അജ്ഞാത ലിങ്കുകൾ ഓപ്പൺ ചെയ്യരുത്

അറിയാത്ത കേന്ദ്രങ്ങളിൽനിന്ന് എത്തുന്ന ക്യു ആർ കോഡുകൾ സ്‌കാൻ ചെയ്യരുത് അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെടാൻ ഇതു കാരണമാകും. മൊബൈൽ നമ്പറുകളും, ഇ. മെയിലുകളും ലിങ്ക് ചെയ്താണ് ബാങ്ക് അക്കൗണ്ടുകൾ നില നില്ക്കുന്നത്. മിക്കവരും മൊബൈലിൽ അക്കൗണ്ട് നമ്പറും, ഓൺലൈൻ അക്കൗണ്ടിന്റെ പാസ് വേർഡടക്കം സൂക്ഷിക്കുന്ന പതിവുമുണ്ട്. ഇത്തരം അജ്ഞാത ലിങ്കുകൾ മൊബൈൽ ഡാറ്റ ചോർത്തിെയെടുക്കാനും, ദുരുപയോഗം ചെയ്യാനും സാദ്ധ്യതയുള്ളതിനാലാണ് പാെലീസ് മുന്നറിയിപ്പുമായി എത്തിയത്.