pushpa
പുഷ്പ ചന്ദ്രൻ

ആലുവ: ആലുവയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. എടയപ്പുറം കാവലഞ്ചേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ പുഷ്പ ചന്ദ്രൻ (68), കിഴക്കെ കടുങ്ങല്ലൂർ കടയപ്പിള്ളി പാലത്തിങ്കൽ വീട്ടിൽ സോമൻ (59) എന്നിവരാണ് മരി​ച്ചത്.

പുഷ്പ രണ്ടാഴ്ചയോളമായി കളമശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. മൃതദേഹം സംസ്കരിച്ചു.

മക്കൾ: ശ്രീകുമാർ, മിനി, സുനി. മരുമക്കൾ: സുനി, പി.എസ്. സന്തോഷ്, കെ.എൽ. ബിജു.

പ്രമേഹ സംബന്ധമായ അസുഖത്തിന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടാഴ്ച്ച മുമ്പാണ് സോമന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ മരിച്ചു. രണ്ട് വർഷത്തോളമായി കടുത്ത പ്രമേഹ രോഗിയായിരുന്നു. കിഴക്കെ കടുങ്ങല്ലൂർ സ്‌കൂൾ കവലയിൽ സ്റ്റേഷനറി കട നടത്തുകയായിരുന്നു. സംസ്‌കാരം നടന്നു.

ഭാര്യ: ഷൈല. മകൻ: സൂരജ് (ബിരുദ വിദ്യാർത്ഥി, യു.സി കോളേജ്).

മുഴുവൻ തുകയും അടച്ചില്ല,

മൃതദേഹം വിട്ടുനൽകാൻ വൈകി

ആശുപത്രി ബിൽ തുക പൂർണമായി അടക്കാത്തതിനെ തുടർന്ന് കൊവിഡ് ബാധിച്ച് മരിച്ച കിഴക്കെ കടുങ്ങല്ലൂർ കടയപ്പിള്ളി പാലത്തിങ്കൽ വീട്ടിൽ സോമന്റെ മൃതദേഹം സ്വകാര്യാശുപത്രി അധികൃതർ മണിക്കൂറുകളോളം തടഞ്ഞുവച്ചു. ഇന്നലെ പുലർച്ചെ മരിച്ച സോമന്റെ മൃതദേഹം ജനപ്രതിനിധികൾ ഇടപ്പെട്ടതിനെ തുടർന്ന് ഉച്ചയോടെയാണ് വിട്ടുനൽകിയത്.

പ്രമേഹ രോഗത്തിന് ചികിത്സക്കിടെ കൊവിഡ് സ്ഥിരീകരിച്ചതി​നെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ സമ്മതിച്ചില്ല.

ബി​ൽ തുകയി​ലെ ബാക്കി​ ഒരു ലക്ഷം രൂപയിൽ 30,000 രൂപ കൂടി നൽകിയിട്ടും മൃതദേഹം വിട്ടുനൽകിയില്ല. 20,000 രൂപ ഇളവ് നൽകിയാണ് മൃതദേഹം വിട്ടുനൽകിയത്.

പി.പി.ഇ കിറ്റ് ധരിക്കാതെ മൃതദേഹം സംസ്കരിച്ചു

കൊവിഡ് ബാധിച്ച് മരിച്ച എടയപ്പുറം കാവലഞ്ചേരി വീട്ടിൽ പുഷ്പയുടെ മൃതദേഹം പി.പി.ഇ കിറ്റ് ധരിക്കാതെയാണ് ആരോഗ്യ പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചത്. സംസ്കാരത്തിന് പി.പി.ഇ കിറ്റ് ആവശ്യമില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ അറിയിച്ചിട്ടുണ്ടെങ്കിലും ഭയം മൂലം ഇതുവരെ തയ്യാറായിരുന്നില്ല. ആദ്യമായിട്ടാണ് കിറ്റ് ധരിക്കാതെ സംസ്കാരത്തിന് സന്നദ്ധ പ്രവർത്തകർ തയ്യാറാകുന്നത്.

കളമശേരി പൊതുശ്മശാനത്തിൽ നടന്ന സംസ്കാരത്തിന് മൃതദേഹം ആംബുലൻസിൽ നിന്നും ചിതയിലേക്ക് വയ്ക്കുന്നതിന് കൈയ്യുറ, മാസ്ക്, സാനിറ്ററൈസർ എന്നിവ മാത്രമാണ് സന്നദ്ധപ്രവർത്തകർ ഉപയോഗിച്ചത്. പുഷ്പയുടെ മകൻ ശ്രീകുമാറിനൊപ്പം കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ, ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, അനിൽകുമാർ എന്നിവരുമാണ് ഉണ്ടായത്. നേരത്തെ അടുത്ത ബന്ധുക്കൾക്ക് ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിക്കാനും അവസരം നൽകിയിരുന്നു.