തൃക്കാക്കര: ഇലക്ഷൻ ഗോഡൗൺ നിർമ്മാണത്തിനെതിരെ പ്രതിഷേധം കനക്കുന്നു. കളക്ടറേറ്റ് വളപ്പിന്റെ വടക്ക് പരിഞ്ഞാറേ മൂലയിൽ സീ-പോർട്ട് എയർപോർട്ട് റോഡിനോട് ചേർന്ന് പുതിയ കെട്ടിടനിർമ്മാണം പൂർത്തിയാവുന്നതോടെ ഈ പ്രദേശത്തെ റോഡ് വികസനം അവതാളത്തിലാവുമെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര ജനമുന്നേറ്റം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലാകളക്ടർക്ക് പരാതി നൽകി.
മൂന്ന് കോടിരൂപ ചെലവഴിച്ചാണ് കളക്ടറേറ്റ് വളപ്പിൽ പതിനായിരം ചതുരശ്ര അടിയുള്ള പുതിയ രണ്ടുനില ഇലക്ഷൻ ഗോഡൗൺ പണിയുന്നത്. തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിക്കാനായാണ് കെട്ടിടം.
ഇതേവളപ്പിൽ 1997ൽ ഉദ്ഘാടനം ചെയ്ത രണ്ട് ഇലക്ഷൻ ഗോഡൗണുകൾ കാടുകയറിക്കിടക്കുമ്പോഴാണ് പുതിയ നിർമ്മാണം.
കളക്ടർ നടപടിയെടുക്കണം
സീ-പോർട്ട് എയർപോർട്ട് റോഡ് വികസനം അട്ടിമറിക്കുന്ന രീതിയിലുള്ള നിർമ്മാണങ്ങൾ നിർത്തിവെക്കാൻ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ കോടതിയെ സമീപിക്കും
പോൾ മേച്ചേരി
ജനമുന്നേറ്റം ജനകീയ കൂട്ടായ്മ
ഉപദേശക സമിതി അധ്യക്ഷൻ