കൊച്ചി: ജില്ലയിൽ നിലവാരത്തിലുള്ള വഴിയോര ടോയ്‌ലെറ്റുകൾ പ്രവർത്തനക്ഷമമാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ കീഴിൽ 237 ടോയ്ലെറ്റുകൾ വർഷാവസാനത്തോടെ പ്രവർത്തനസജ്ജമാകും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ നടന്ന പദ്ധതി അവലോകന യോഗത്തിൽ ടെൻഡർ നടപടികളും നിർമാണവും വേഗത്തിലാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തടസങ്ങൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും പൂർണപിന്തുണ ഉറപ്പാക്കും. യോഗത്തിൽ ജില്ലാ വികസന കമ്മിഷണർ അഫ്‌സന പർവീൺ, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ പി.എച്ച്. ഷൈൻ, ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ സുജിത് കരുൺ എന്നിവർ പങ്കെടുത്തു.