കൊച്ചി: പ്രോട്ടോക്കോൾ ലംഘനവും അധികാര ദുർവിനയോഗവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിമാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കയാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാനസമിതി അംഗം കൂടിയായ കുരുവിള മാത്യൂസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന വ്യാപകമായി നടത്തിയ നിൽപ്പ് സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടിരിക്കയാണ്. സർക്കാർ സ്വയം രാജിവയ്ക്കുന്നില്ലെങ്കിൽ ഗവർണർ വിവേചനാധികാരം ഉപയോഗിച്ച് പ്രോട്ടോക്കോൾ ലംഘിച്ച മന്ത്രിമാരെ പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കര അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ ഷാജി, കർഷക യൂണിയൻ പ്രസിഡന്റ് സുധീഷ് നായർ ,അയൂബ് മേലേടത്ത് എന്നിവർ പ്രസംഗിച്ചു.