
കൊച്ചി: ''ഈ കൊവിഡിനൊന്നും നമ്മളെ തോൽപ്പിക്കാനാവില്ല മാഷേ, തത്കാലം പാട്ടും മിമിക്രിയുമൊന്നുമില്ലെങ്കിലും ദേ, ഇതുപോലെ മണ്ണിലിറങ്ങി നന്നായി കിളയ്ക്കും. പച്ചക്കറിയും കപ്പയും വാഴയും ചേനയും ചേമ്പുമൊക്കെ കൃഷിചെയ്ത് അന്തസായി ജീവിക്കും.. ഹും, നുമ്മളോടാ കളി.'' പറമ്പിൽ മൂത്തുപാകമായിനിന്ന ഞാലിപ്പൂവൻവാഴക്കുല വെട്ടി തോളിൽവച്ച് നടക്കുമ്പോൾ സിനിമാ, മിമിക്രിതാരം സുബി സുരേഷിന് പുരസ്കാരജേതാവിന്റെ ഭാവം.
എറണാകുളം വാരപ്പുഴയിലെ സ്വന്തം വീടിനോട് ചേർന്ന് അയൽവാസിയുടെ 5 സെന്റ് പുരയിടമാണ് സുബിയുടെ കാർഷിക പരീക്ഷണശാല. വെറുതെ കാടുപിടിച്ചുകിടന്ന സ്ഥലമായിരുന്നു. അയൽപ്പക്കം കാടുപിടിച്ചു കിടക്കുന്നത് അത്രസുരക്ഷിതമായി തോന്നിയില്ല. അതുകൊണ്ട് സ്ഥലമുടമയുടെ അനുവാദത്തോടെ കൃഷി ആരംഭിച്ചു. അന്നുപക്ഷെ കൊവിഡിനെക്കുറിച്ച് ആരും ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. സുബിയുടെ ഉത്സാഹത്തെ പ്രോത്സാഹിപ്പിച്ച് അയൽവാസിയും റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനുമായ ക്ലീറ്റസും കൂടെക്കൂടി. ആദ്യം കപ്പയും വാഴയുമൊക്കെ നട്ടു. നല്ല വിളവ് കിട്ടിയപ്പോൾ കൂടുതൽ ഉത്സാഹമായി. അതോടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും കൃഷിചെയ്തു. സ്റ്റേജ് പ്രോഗ്രാമുകൾക്കും ഷൂട്ടിങ്ങിനും മറ്റുമായി ത്രയിൽ ആയിരിക്കുമ്പോൾ കൃഷികാര്യങ്ങൾ ക്ലീറ്റസ് നോക്കും. വീട്ടിലുള്ളസമയത്ത് കളപറിക്കാനും വിളവെടുക്കാനുമൊക്കെ സുബി മുൻപന്തിയിലുണ്ടാകും. ഘട്ടംഘട്ടമായി കാർഷികമേഖല വിപുലീകരിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി കൊവിഡിന്റെ വരവ്. അതോടെ പുറത്തേക്കുള്ള യാത്രകളും മറ്റും മുടങ്ങി. നേരംപോക്കിന് കൃഷി മാത്രമായി ആശ്രയം. പച്ചക്കറിയും ഔഷധസസ്യങ്ങളുമൊക്കെ നട്ടുപരിപാലിച്ച് കൊവിഡ് പ്രതിസന്ധി മറികടക്കാനുമായി. അതിനിടെ രണ്ട് പോത്തിൻകുഞ്ഞുങ്ങളെയും വാങ്ങി വളർത്തി. മൂന്നുമാസത്തോളം പരിചരിച്ചശേഷം മറിച്ചുവിറ്റപ്പോൾ 16,000 രൂപ ലാഭംകിട്ടി. ഇനി കോഴിയെ വളർത്തിയാലോ എന്ന ചിന്തയിലാണിപ്പോൾ.
തൊട്ടടുത്തുതന്നെയാണ് സഹോദരന്റെ ഭാര്യവീട്. അവിടെ വലിയൊരു മുയൽഫാം ഉണ്ട്. അല്ലായിരുന്നെങ്കിൽ അതുമൊന്ന് പരീക്ഷിക്കാമായിരുന്നു. അയൽവാസികൾ തമ്മിലുള്ള ഊഷ്മളബന്ധം കൃഷിയുടെ പേരിൽ തകരാൻ പാടില്ല. അതുകൊണ്ട് എല്ലാവർക്കും പങ്കാളിത്തവും സ്വീകാര്യവുമായ പരസ്പരസഹായ സഹകരണ കാർഷികപദ്ധതികൾ മാത്രമേ പരീക്ഷിക്കൂ.
സിനിമാ, സീരിയൽ താരങ്ങളും നിരവധി സ്റ്റേജ് കലാകാരന്മാരും മാത്രമല്ല, സമസ്തമേഖലയും കൊവിഡ് പ്രതിസന്ധിയുടെ പേരിൽ നിരാശരായിരിക്കുമ്പോഴാണ് അയൽക്കാർക്കും വീട്ടുകാർക്കുമൊപ്പം ചിരിവിതച്ചും വിളവെടുത്തും സുബി സുരേഷ് മാതൃകയാകുന്നത്.