
കൊച്ചി: മലയാള നാടക, സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന കെ.ജെ. മുഹമ്മദ് ബാബു (80) എന്ന സീറോ ബാബു അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 12 നായിരുന്നു അന്ത്യം.
വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കബറടക്കം എറണാകുളം നോർത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ ഇന്ന് രാവിലെ 11 ന് നടക്കും.എറണാകുളം സ്വദേശിയായ സീറോ ബാബു അറുപതുകളിൽ നാടകത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ആദ്യകാലത്ത് നാടക ഗാനങ്ങളിലൂടെ പിന്നണി ഗാനരംഗത്തേക്ക് ചുവടുവച്ചു. പി.ജെ തിയറ്റേഴ്‌സിന്റെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ ഗാനം 'ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ' എന്ന ഗാനമാണ് അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തത്. പിന്നീട് ചലചിത്ര രംഗത്തേക്ക് എത്തിയതോടെ നിർമ്മാതാവായിരുന്ന പി.എ. തോമസ് ആയിരുന്നു അദ്ദേഹത്തിന് പേരിനു മുന്നിൽ സീറോ എന്ന അപരനാമം നൽകിയത്. 1964ൽ കുടുംബിനി എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. എൽ.പി.ആർ. വർമ്മ സംഗീത സംവിധാനം നിർവഹിച്ച 'കണ്ണിനു കണ്ണിനെ കരളിന് കരളിനെ തമ്മിലകറ്റി നീ കനിവുറ്റ ലോകമേ' ആണ് ആദ്യമായി ആലപിച്ച ചലച്ചിത്ര ഗാനം. ഹാസ്യഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശബ്ദത്തിൽ പുറത്തു വന്നവയിൽ ഏറെ. പിന്നീട് പിന്നണിഗാനരംഗത്തു നിന്ന് പിൻവാങ്ങി സംഗീത സംവിധാനത്തിലേക്ക് തിരിഞ്ഞു. കാബൂളിവാലയാണ് അവസാനമായി അഭിനയിച്ച സിനിമ. ഭാര്യ: ആത്തിക്ക ബാബു, മക്കൾ: സൂരജ് ബാബു, സുൽഫി ബാബു, സബിത സലാം, ദീപത്ത് നസീർ. മരുമക്കൾ: സുനിത സൂരജ്, സ്മിത സുൽഫി, അബ്ദുൽ സലാം, മുഹമ്മദ് നസീർ.