
തോപ്പുംപടി: സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതെ സീറോബാബു യാത്രയായി. 150 ഓളം സിനിമകളിൽ പാടിയും നിരവധി സിനിമകളിൽ അഭിനയിച്ചും സംഗീതം നൽകിയും കഴിവ് തെളിയിച്ച ബാബുവിന് ദേവരാജൻ മാസ്റ്ററുടെ പേരിലുള്ള സംഘടനയായ ദേവദാരു എഴുപുന്നയിൽ 2 സെൻ്റ് സ്ഥലം പതിച്ച് നൽകിയതിന്റെ രേഖകൾ ഏറ്റുവാങ്ങും മുൻപായിരുന്നു മരണം. ആ സ്ഥലത്ത് സ്വന്തമായി ഒരു കൊച്ചുവീടായിരുന്നു ബാബുവിന്റെ സ്വപ്നം.
1982ൽ കുറുക്കന്റെ കല്യാണം എന്ന സിനിമയിലാണ് ബാബു സംഗീതം നൽകിയത്. സത്യൻഅന്തിക്കാട് ഗാന രചനയും സംവിധാനവും ചെയ്ത സിനിമയിലെ അഭിനേതാക്കൾ മോഹൻലാലും ശങ്കറുമായിരുന്നു. യേശുദാസും വാണിജയറാമുമാണ് പാടിയത്. എം.കെ.അർജുനൻമാസ്റ്റർ, ദേവരാജൻമാഷ്, ബാബുരാജ്, രാഘവൻ മാഷ് തുടങ്ങിയ സംഗീത പ്രതിഭകളുടെ കീഴിൽ പാടാൻ അവസരം ലഭിച്ചു. പ്രേംനസീർ,സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം അഭിനയിച്ചു. സിദ്ദിഖ്ലാൽ സംവിധാനം ചെയ്ത കാബൂളീവാലയിൽ പാട്ടുകാരനായാണ് അവസാനമായി അഭിനയിച്ചത്. പത്തോളം സിനിമകൾക്ക് സ്വന്തമായി സംഗീത സംവിധാനം നിർവഹിച്ചു.ഒരു കാലത്ത് മലയാള സിനിമ സംഗീത രംഗത്ത് നിറസാന്നിധ്യമായിരുന്നു സീറോബാബു. അവസാന നാളുകളിൽ കരൾ സംബന്ധമായ രോഗവും കൈകാലുകളിലെ വേദനയും അദ്ദേഹത്തെ അലട്ടിയിരുന്നു. തോപ്പുംപടിയിലെ വാടക വീട്ടിലായിരുന്നു താമസം. അസുഖബാധിതനായപ്പോൾ എറണാകുളത്തെ മകളുടെ വീട്ടിലേക്ക് താമസം മാറി. മൃതദേഹംം ഇന്ന് രാവിലെ കൊച്ചങ്ങാടി മദ്രസയിൽ പൊതുദർശനത്തിന് വെച്ച ശേഷം 12 ന് സംസ്ക്കാരിക്കും.