കുറുപ്പംപടി : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ഇരുപത്തിയഞ്ചോളം ആളുകൾ തങ്ങളുടെ വീടുകളിലേക്ക് പോകുന്നത് ഒരടി മാത്രം വീതിയുള്ള വഴിയിലൂടെയാണ്. ജലസ്രോതസായ മുടിയാട്ടു ചിറയോട് ചേർന്നാണ് ഈ വഴി കിടക്കുന്നത്. അതിനാൽ തന്നെ അപകട സാധ്യത ഏറെയുള്ള ഇവിടേക്ക് റോഡ് നിർമ്മിക്കണം എന്ന ഇവരുടെ ആവശ്യത്തിന് ഒടുവിൽ പരിഹാരമാവുകയാണ്. മുടിയാട്ടു ചിറയുടെ ഇരു വശങ്ങളും കെട്ടിയാണ് റോഡ് പുതിയതായി നിർമ്മിക്കുന്നത്. 30 മീറ്റർ നീളത്തിൽ 5 മീറ്റർ ഉയരത്തിൽ നിർമ്മാണം നടത്തും. 3 മീറ്ററാണ് റോഡിന്റെ വീതി. വശങ്ങൾ കെട്ടി മണ്ണ് നിറച്ചു റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു.കൂവപ്പടി ബ്ലോക്ക് പഞ്ചായത്താണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ജില്ല പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം നിർമ്മാണ മേൽനോട്ടം നിർവഹിക്കും.
റോഡ് നിർമ്മിക്കുന്നതിന് 11 ലക്ഷം
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇവിടെ റോഡ് പുതിയതായി നിർമ്മിക്കുന്നതിന് 11 ലക്ഷം രൂപ അനുവദിച്ചു ഭരണാനുമതി ലഭ്യമായി. പദ്ധതിയുടെ ടെൻഡർ നടപടികളും പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കും.
കൃഷി ആവശ്യങ്ങൾക്ക് റോഡ് ഉപകരിക്കും
പൂക്കോട്ടിൽ പാട പ്രദേശത്തേക്ക് പോകുന്നതിനും കൃഷി ആവശ്യങ്ങൾക്കും പുതിയ റോഡ് ഉപകരിക്കും. ഈ പദ്ധതി യാത്ഥാർഥ്യമായാൽ ചാലിപ്പാറ - കോട്ടച്ചിറ റോഡിലേക്ക് പുതിയ റോഡ് കൂട്ടിച്ചേർക്കുന്നതിനായി സ്ഥലം വിട്ടു നൽകുവാൻ പ്രദേശവാസികൾ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അമ്പിളി രാജൻ ,വാർഡ് അംഗം
.