വരാപ്പുഴ: ദേശീയപാതക്ക് വേണ്ടി ഒഴിപ്പിക്കപ്പെടുന്ന വാടകക്കാരായ വ്യാപാരികൾക്ക് കൂടി നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്ന് വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് റോബിൻ വൻനിലം ആവശ്യപ്പെട്ടു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നടത്തിയ ശ്രദ്ധ ക്ഷണിക്കൽ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒഴിപ്പിക്കപ്പെടുന്ന കെട്ടിട ഉടമക്ക് മാത്രം നഷ്ടപരിഹാരം നൽകുന്നത് കച്ചവടക്കാരായ നിരവധി ആളുകളെ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏരിയ സെക്രട്ടറി സിറാജ് മാലേത്ത് അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറർ പി.ആർ. ജയകൃഷ്ണൻ, ഏരിയ വൈസ് പ്രസിഡന്റ് എം.എൽ. ജോയി, ജോയിന്റ് സെക്രട്ടറി ജോളി പൊള്ളയിൽ, വിൻസെന്റ് ആലപ്പാട്ട്, വിനോദ് എന്നിവർ സംസാരിച്ചു.