bjp
ആവണംകോട് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ചെങ്ങമനാട് 15 ാം വാർഡിൽ കിഴക്കേ ദേശം ഏറാട്ട് പാടം കനാലിന്റെ നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ പി.എൻ. സിന്ധു നിർവഹിക്കുന്നു

നെടുമ്പാശേരി: ആവണംകോട് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ചെങ്ങമനാട് 15 ാം വാർഡിൽ കിഴക്കേ ദേശം ഏറാട്ട് പാടം കനാലിന്റെ നിർമ്മാണോദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പറെ അവഗണിച്ചതിനെതിരെ ബി.ജെ.പി ജനകീയ ഉദ്ഘാടനം സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് നിർമ്മിക്കുന്ന കനാലിന്റെ നിർമ്മാണോദ്ഘാടനം ചൊവ്വാഴ്ച്ച രാവിലെ 11ന് അൻവർ സാദത്ത് എം.എൽ.എ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. സമയമായിട്ടും ഉദ്ഘാടകനെയും മറ്റ് ജനപ്രതിനിധകളെയും കാണാതായപ്പോൾ വാർഡ് മെമ്പർ പി.എൻ. സിന്ധു ബ്ലോക്ക് മെമ്പർ രാജേഷ് മഠത്തിമൂലയെ വിളിച്ച് കാര്യം തിരക്കി. എം.എൽ.എ എത്താൻ വൈകുമെന്നും ആലുവയിൽ നിന്നും പുറപ്പെടുമ്പോൾ അറിയിക്കാമെന്നും പറഞ്ഞു. 12 മണിയോട് ആലുവയിൽ നിന്ന് എം.എൽ.എ ഇറങ്ങിയെന്ന് അറിയിച്ചതനുസരിച്ച് അഞ്ച് മിനിറ്റിനകം വാർഡ് മെമ്പർ സ്ഥലത്തെത്തിയപ്പോഴേക്കും എം.എൽ.എ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയെന്നാണ് അറിയിച്ചത്.

കനാലിന്റെ നിർമ്മാണത്തിന് പ്രതിസന്ധി നേരിട്ടപ്പോൾ വാർഡ് മെമ്പറാണ് കളക്ട്രേറ്റിലും പി.ഡബ്‌ളിയു.ഡി ഓഫീസിലും ഇറിഗേഷൻ വകുപ്പിലും നിരന്തരമായി ഇടപെട്ട് നിർമ്മാണത്തിന് അനുമതി ലഭ്യമാക്കിയത്. എന്നിട്ടും ബോധപൂർവ്വം മെമ്പറെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി ജനകീയ നിർമ്മാണോദ്ഘാടനം നടത്തിയത്. നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ പി.എൻ. സിന്ധു നിർവഹിച്ചു. ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് നിഷോർ ഒലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ലത ഗംഗാധരൻ, മണ്ഡലം ജനറൽ സെക്രട്ടറി സി. സുമേഷ്, മിഥുൻ ചെങ്ങമനാട്, ജയൻ വെള്ളായികുടം, ശ്രീകുമാർ എന്നിവർ സംസാരിച്ചു.