raajkumar
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. രാജ് കുമാര്‍

തൃപ്പൂണിത്തുറ: ജനകീയ പദ്ധതികൾ നടപ്പാക്കി രാജനഗരിയുടെ ശ്രദ്ധപിടിച്ചുപറ്റിയ ഹിൽപാലസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി. രാജ്കുമാറിന് ആദരവൊരുക്കി രാജനഗരിയിലെ വാട്ട്‌സ് ആപ്പ് കൂട്ടായ്മ. സ്ഥലം മാറിപ്പോകുന്ന സർക്കിൾ ഇൻസ്‌പെക്ടർക്ക് മികച്ച സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രഥമ രാജനഗരി എക്‌സലൻസ് അവാർഡ് നൽകി ആദരിക്കും. നാളെ വൈകിട്ട് നാലിന് എൻ.എം ഫുഡ് വേൾഡിൽ നടക്കുന്ന ചടങ്ങിൽ വച്ച് നഗരസഭ ചെയർപേഴ്‌സൺ ചന്ദ്രികാദേവി പുരസ്‌കാരം നൽകും. രാഷ്ടീയ സാമൂഹ്യരംഗത്തെ പ്രമുഖർ പങ്കെടുക്കും.

കൊവിഡ് കാലഘട്ടത്തിൽ സി.ഐയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. കൂടാതെ മദ്യത്തിനും മയക്കുമരുന്നിനും എതിരെ രാജനഗരിക്കൊരു ജീവതാളം എന്ന പ്രോജക്ടിലൂടെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണ പരിപാടികൾ, ലോകകപ്പ് മത്സരങ്ങളുടെ സന്ദേശം എത്തിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ, സ്വാതന്ത്ര്യദിന പരിപാടികൾ, ഓണത്തോടനുബന്ധിച്ച് നിർദ്ധനർക്കായി നടത്തിയ ഓണക്കിറ്റ് വിതരണം എന്നിവ ശ്രദ്ധേയമായ പരിപാടികളായിരുന്നു.

പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽ ആരംഭിച്ച പി.എസ്.സി കോച്ചിംഗ് ക്ലാസ്, മുതിർന്ന പൗരന്മാരെ ആദരിക്കുന്നതിനുള്ള ചടങ്ങ്, ഗൃഹസന്ദർശനങ്ങൾ നടത്തി അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന പരിപാടി തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. സ്‌കൂളുകളിൽ സൈബർ അവയർനെസ് ക്‌ളാസുകൾ, സേ്ര്രഫി ക്ലബുകൾ, കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്‌ളാസുകൾ എന്നിവ തുടങ്ങി. വനിതാ ദിനത്തോടനുബന്ധിച്ചു മുതിർന്ന വനിതകളെ ആദരിക്കൽ തുടങ്ങി നിരവധി പരിപാടികളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്.