m-sivasankar-

കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എം. ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും സാമ്പത്തിക കുറ്റത്തിന് മുൻകൂർ ജാമ്യം അനുവദിക്കുന്നത് അന്വേഷണം വിഫലമാക്കുമെന്നും ഇ.ഡി ഹൈക്കോടതിയിൽ അറിയിച്ചു.

എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അസി. ഡയറക‌്ടർ പി. രാധാകൃഷ്‌ണൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം.

സ്വപ്ന സാമ്പത്തികമായി നല്ല നിലയിൽ ആയിരുന്നില്ലെന്നും തനിക്കു കഴിയാവുന്ന തരത്തിലൊക്കെ സഹായിച്ചിട്ടുണ്ടെന്നും ശിവശങ്കറിന്റെ മൊഴിയുണ്ട്. സ്വപ്നയുമായി ശിവശങ്കറിന് വളരെ അടുത്ത ബന്ധമാണ്. ദിവസം മുഴുവൻ വാട്ട്സാപ്പിലൂടെ ആശയവിനിമയം നടത്തുന്നവരുമാണ്. സ്വപ്ന എല്ലാ കാര്യങ്ങളും ശിവശങ്കറുമായി ചർച്ച ചെയ്തിരുന്നെന്ന് സന്ദേശങ്ങളി​ൽ വ്യക്തമാണ്. അങ്ങനെയുള്ള ഒരാൾക്ക് സ്വപ്ന സ്വർണക്കടത്തിലൂടെ പണം സമ്പാദിച്ചതും കോൺസുലേറ്റിന്റെ കരാറുകൾക്ക് കൈക്കൂലി ലഭിച്ചതും അറിയില്ലെന്നു പറയുന്നത് സംശയകരമാണ്.

ഇ.ഡിയുടെ കണ്ടെത്തലുകൾ മുദ്രവച്ച കവറിൽ സമർപ്പിക്കാം. അതു പരിശോധിച്ചാൽ മുൻകൂർ ജാമ്യാപേക്ഷ അനുവദിക്കേണ്ടെന്ന് കോടതിക്കു ബോദ്ധ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

 സ്വപ്ന ശിവശങ്കറിനൊപ്പം പണവുമായെത്തി

ഒരു ദിവസം ശിവശങ്കറിനൊപ്പം സ്വപ്ന 30 ലക്ഷം രൂപയുമായി വീട്ടിൽ വന്നതായും ഇത്രയും തുക കൈകാര്യം ചെയ്യാൻ മടിച്ചപ്പോൾ പണം നിയമപരമായി സമ്പാദിച്ചതാണെന്നും ലോക്കറിൽ വയ്‌ക്കണമെന്നും പറഞ്ഞതായി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയുണ്ട്. ലോക്കറിൽ ഒരു കോടി രൂപ എൻ.ഐ.എ കണ്ടെത്തിയിരുന്നു. പണം ലോക്കറിൽ സൂക്ഷിക്കാൻ ശിവശങ്കർ നിർദ്ദേശിച്ചതനുസരിച്ചാണ് സഹായിച്ചതെന്നും വേണുഗോപാൽ മൊഴി നൽകി.

സ്വപ്നയുടെ പക്കലുള്ള പണം കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.