
കൊച്ചി: യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിലൂടെ സ്വർണം കടത്താനുള്ള പദ്ധതി ആവിഷ്കരിച്ചത് സ്വപ്‌നയാണെന്ന് കേസിലെ കൂട്ടു പ്രതിയായ സന്ദീപ് നായർ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടേറ്റിന് (ഇ.ഡി) മൊഴി നൽകി. സുരക്ഷിതമാണെന്ന സ്വപ്‌നയുടെ ഉറപ്പ് പരിശോധിക്കാൻ രണ്ടുതവണ സ്വർണമില്ലാതെ ഡമ്മി പാഴ്സലുകൾ റമീസ് അയച്ചു. ഈ നീക്കം വിജയിച്ചതോടെ സ്വപ്‌നയെ റെമീസിന് വിശ്വാസമായി. ഗ്രീൻ ചാനലിലൂടെ സ്വർണം കടത്തുന്നതിനെക്കുറിച്ചാണ് റെമീസ് ആലോചിച്ചിരുന്നത്. ഈ സമയമാണ് നയതന്ത്രചാനലിലെ സുരക്ഷ സ്വപ്‌ന വ്യക്തമാക്കിയത്.
2019 ഡിസംബറോടെ കോൺസുലേറ്റ് ജനറൽ സ്ഥലം മാറി പോകുമെന്നും അതിന് മുമ്പായി പരമാവധി സ്വർണം കടത്തണമെന്നും സ്വപ്‌ന റെമീസിനോട് നിർദ്ദേശിച്ചു. ഒരു തവണ കടത്തുമ്പോൾ പത്തു കിലോഗ്രാം സ്വർണം ഉറപ്പു വരുത്തണം. 2019 മേയ്, ജൂൺ മാസങ്ങളിലാണ് സ്വർണക്കടത്തിനുള്ള ഗൂഢാലോചന നടന്നതെന്നും സന്ദീപിന്റെ മൊഴിയിൽ പറയുന്നു.
ഗ്രീൻചാനൽ വഴി സ്വർണം കടത്താനുള്ള റെമീസിന്റെ പദ്ധതിയെക്കുറിച്ച് ആദ്യം സരിത്തുമായി സംസാരിച്ചു. സരിത്താണ് സ്വപ്‌നയെ പരിചയപ്പെടുത്തിയത്. 2019 മേയിൽ റെമീസ് തിരുവനന്തപുരത്തെത്തി ഒരു ജിംനേഷ്യത്തിന്റെ പാർക്കിംഗിൽ കാറിലിരുന്ന് ആദ്യ ഗൂഢാലോചന നടത്തി. ഒരു കിലോയ്ക് 45,000 രൂപ തരാമെന്നായിരുന്നു റെമീസിന്റെ വാഗ്ദാനം. എന്നാൽ, ആയിരം യു.എസ്. ഡോളർ വേണമെന്ന് സ്വപ്‌ന വാശിപിടിച്ചു. യു.എ.ഇ കോൺസുലേറ്റ് ജനറലിന് ജർമ്മനിയിൽ ബിസിനസ് നടത്തുന്നതിനും ദുബായിൽ വീടുവയ്ക്കുന്നതിനും പണം ആവശ്യമുണ്ടെന്നും സ്വപ്‌ന പറഞ്ഞിരുന്നതായും സന്ദീപിന്റെ മൊഴിയിലുണ്ട്.
2014 ൽ സന്ദർശക വിസയിൽ ദുബായിൽ എത്തിയപ്പോഴാണ് റെമീസിനായി ആദ്യമായി സ്വർണം കടത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പിടിക്കപ്പെടാതെ സന്ദീപ് പുറത്തെത്തിയെങ്കിലും കാരിയർ കുടുങ്ങി. പിന്നീട് കസ്‌റ്റംസ് കേസിൽ പ്രതിയായി. റെമീസുമായുള്ള തന്റെ പരിചയമാണ് നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തിന് വഴിയൊരുക്കിയതെന്നും സന്ദീപ് വെളിപ്പെടുത്തി.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ അഞ്ചു ശതമാനം കമ്മിഷൻ വാഗ്ദാനം ചെയ്‌തത് യൂണിടാക് എം.ഡി സന്തോഷ് ഈപ്പനാണ്. മൂന്നു തവണയായി 45 ലക്ഷം രൂപ നൽകി. യു.എ.ഇ കോൺസുലേറ്റ് ജനറലിനായി നൽകാനെന്ന പേരിൽ സ്വപ്‌നയും സരിത്തും വാങ്ങിയ കമ്മിഷൻ അവിടെ എത്തിയോയെന്ന് അറിയില്ലെന്നും സന്ദീപിന്റെ മൊഴിയിൽ പറയുന്നു.