വൈപ്പിൻ: ഞാറക്കൽ ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ ഇന്നലെ നടക്കേണ്ടിയിരിക്കുന്ന ഉദ്ഘാടനം സി.പി.എം പ്രവർത്തകർ തടഞ്ഞു. ചടങ്ങ് നടത്താനായി ഉദ്ഘാടനകാനായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എം മുത്തലീബ് , അദ്ധ്യക്ഷയായ പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേര ,ഭരണ കക്ഷിയിൽപ്പെട്ട പഞ്ചായത്ത് അംഗങ്ങൾ എന്നിവർ എത്തിയെങ്കിലും ഉദ്ഘാടനം നടത്തുന്നതിന് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം എതിർത്തു.ഞാറക്കൽ ആശുപത്രി ജംഗ്ഷന് പടിഞ്ഞാറ് ഫിഷ് ഫാമിന് സമീപം ഒന്നാം വാർഡിലാണ് ശ്മശാനം. ശ്മശാനത്തിനായി കെട്ടിടംപണി തീർത്തുവെങ്കിലും സംസ്‌കാരം നടത്തുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഗ്യാസ് ക്രിമിറ്റോറിയമാണ് ഉദ്ദേശിക്കുന്നതെങ്കിലും ഫർണസോ, ജനറേറ്ററോ, മറ്റ് അനുബന്ധ സൗകാര്യങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. സംസ്‌കാരത്തിനാവശ്യമായ യാതൊന്നും ഏർപ്പെടുത്താതെ ധൃതി പിടിച്ച് ഉദ്ഘാടനം നടത്തുവാൻ തീരുമാനിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് സി.പി.എം എൽ.സി സെക്രട്ടറി കെ.എം ദിനേശൻ കുറ്റപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് അംഗം റോസ് മേരി ലോറൻസ് ശ്മാശനം ഉദ്ഘാടനം ചെയ്തതായി അറിയിച്ചു. ഉദ്ഘാടനം തടഞ്ഞതിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും , കോൺഗ്രസ് ബ്ലോക്ക് ജനറൽസെക്രട്ടറിയുമായ ജൂഡ് പുളിക്കൽ , മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും, ഡി സി സി സെക്രട്ടറിയുമായ സി ഡി ദേശികൻ എന്നിവർ പ്രതിഷേധിച്ചു.